ഗോൾഡൻ ഫോക് അവാർഡ് മുസ്തഫ ഹംസയ്ക്ക്
കുവൈറ്റ് : മെട്രോ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസ ഈ വർഷത്തെ ഗോൾഡൻ ഫോക് അവാർഡിന് അർഹനായി. കുവൈറ്റിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്സ് അസോസിയേഷൻ (ഫോക്) ആണ് കണ്ണൂർ ജില്ലക്കാരായ പ്രവാസികളായ സംരംഭകർക്ക് നൽകുന്ന ഈ പുരസ്കാരത്തിന് മുസ്തഫ ഹംസയെ തിരഞ്ഞെടുത്തത്.
ഈ വർഷം ഗൾഫ് മേഖലയിൽനിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകൻ/ സംരംഭക എന്ന മേഖലയാണ് അവാർഡിനായി പരിഗണിച്ചത്. ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.
വളരെ ചെറിയ കാലയളവിൽ കുവൈറ്റിലെ ആരോഗ്യ മേഖലയിലെ പ്രശസ്ത വക്താക്കളാകാൻ മുസ്തഫ ഹംസയുടെ നേതൃത്വത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന് സാധിച്ചതായി ജൂറി വിലയിരുത്തി. കൊവിഡ്, ഗാസ, വയനാട് മണ്ണിടിച്ചിൽ തുടങ്ങി ദുരന്തമുഖങ്ങളിൽ സ്തുത്യർഹമായ സഹായങ്ങൾ നൽകുന്നതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് മുൻനിരയിൽ തന്നെ ഉണ്ടായിരുന്നതായും ജൂറി വിലയിരുത്തി.
നവംബർ എട്ടിന് കുവൈറ്റിൽ നടക്കുന്ന ഫോക്കിന്റെ പത്തൊൻപതാമത് വാർഷികാഘോഷം, കണ്ണൂർ മഹോത്സവം 2024 വേദിയിൽ അവാർഡ് കൈമാറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂറി അംഗങ്ങളായ അജയകുമാർ, ദിനകരൻ കൊമ്പിലാത്ത്, ഫോക് ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രമോഹൻ കണ്ണൂർ, ടി.കെ.രാഘവൻ, രജിത്ത് പന്ന്യൻ, ഗിരിമന്ദിരം ശശികുമാർ, ഫോക് കേന്ദ്ര കമ്മിറ്റിയംഗം ഡി.കെ.വിജേഷ് എന്നിവർ കണ്ണൂർ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.