THRISSUR

കേരളത്തിലെ എല്ലാവർക്കും ഭൂമിയും എല്ലാവർക്കും വീടും ഉറപ്പാക്കും – മന്ത്രി കെ. രാജൻ

കേരളത്തിലെ എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്ന് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. തലപ്പിള്ളി താലൂക്ക്‌തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത്‌ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിയുടെ രേഖ നൽകുന്നതിനായി പട്ടയ അദാലത്തുകൾ സംഘടിപ്പിച്ചു കൊണ്ട് പട്ടയ മിഷൻ എന്ന ആശയം ഉയർത്തിപ്പിടിക്കുകയും വർഷങ്ങളായി നിയമങ്ങളുടെ കുരുക്കിൽപ്പെട്ട് കിടന്ന പല പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്ത് 3.54 ലക്ഷത്തോളം പേരെ ഭൂമിയുടെ ഉടമകളാക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കെത്തുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ മന്ത്രിമാർ നേതൃത്വം നൽകുന്ന താലൂക്ക്തല അദാലത്തുകളിലൂടെയും വനം വകുപ്പിന്റെയും തീരദേശത്തിൻ്റെയും മന്ത്രിമാർ നടത്തിയ അദാലത്തുകളിലൂടെയും തദ്ദേശ അദാലത്തിലൂടെയും ജനങ്ങളുടെ പ്രശ്നങ്ങൾ കുരുക്കഴിച്ച് ഏറ്റവും താഴത്തേക്ക് പോകുക എന്ന പ്രവർത്തനം ശ്രദ്ധയോടുകൂടി നടത്തി വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാന വികസനത്തിനായി നാല് മിഷനുകൾ അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യ സുരക്ഷയ്ക്കായി ആർദ്രം, ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിന് ലൈഫ് മിഷൻ, മാലിന്യമുക്ത കേരളം സാക്ഷാത്കരിക്കുന്നതിന് ഹരിത കേരളം എന്നിവയാണ് മിഷനുകൾ. നാല് മിഷനുകളിൽ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുമ്പോൾ തന്നെ സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കെത്തുമ്പോൾ ഒരു വീഴ്ചയും ഉണ്ടാകാത്തവിധം സർക്കാർ സംവിധാനത്തെ ക്രമപ്പെടുത്തി കൊണ്ടുപോകുകയാണ് എറ്റവും പ്രധാനപ്പെട്ട സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കരുതലും കൈത്താങ്ങും അദാലത്തുകളിലൂടെ പൊതുജനങ്ങളുടെ ക്ഷേമവും നാടിൻ്റെ വികസനവും മുൻ നിർത്തി സർവ്വതലസ്പർശിയായ ഇടപെടലുകൾ നടത്തി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

വടക്കാഞ്ചേരി സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൻ്റെ വേദിയിൽ 21 റേഷൻ കാർഡുകളും 10 പട്ടയങ്ങളും മന്ത്രിമാർ ചേർന്ന് വിതരണം ചെയ്തു.

ചടങ്ങിൽ എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ എ.സി. മൊയ്തീൻ, യു.ആർ പ്രദീപ്, വടക്കാഞ്ചേരി നഗരസഭാ അധ്യക്ഷൻ പി.എൻ സുരേന്ദ്രൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടലരസൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, തൃശ്ശൂർ ഡി.എഫ്.ഒ രവികുമാർ മീണ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) എം.സി ജ്യോതി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.