ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് വി.എസ്. പാർവതിക്ക് തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലിയുടെ അനുമോദനം
തൃശൂർ: വനിതാ-ശിശു വികസന വകുപ്പ് വിവിധ മേഖലകളിൽ അസാധാരണ കഴിവു പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ വി.എസ്. പാർവതിക്ക് തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലി അനുമോദനം നൽകി.
നെട്ടിശ്ശേരി ശ്രീ പത്മത്തിൽ (സന്തോഷ് ട്രോഫി ഫുട്ബോൾ ടീം അംഗമായിരുന്ന) വി.ബി. സന്തോഷിന്റെയും വിനിതയുടെയും മകളായ പാർവതി, കാർഷിക സർവകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ വി. ബാലഗോപാലന്റെ പേരക്കുട്ടിയുമാണ്. മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവതിയെ അനുമോദനച്ചടങ്ങിൽ പൗരാവലി അംഗങ്ങൾ ആദരിച്ചു.

നെട്ടിശ്ശേരി മിനി നഗറിലെ പാർവതിയുടെ വസതിയിൽ നടന്ന ചടങ്ങ് മുൻ നിയമസഭാ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. ടി.വി. ചന്ദ്രമോഹൻ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ എന്നിവരും മുഖ്യാതിഥികളായിരുന്നു. സെൻ്റ് ജോർജ്ജസ് യു.പി. സ്കൂൾ പ്രധാന അദ്ധ്യാപിക സി.എൽ. ലിനറ്റ് കുട്ടിയുടെ കഴിവുകളെ പ്രശംസിച്ചു. ചടങ്ങിൽ അഡ്വ. എസ്. അജി അദ്ധ്യക്ഷത വഹിച്ചു.
പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. അരവിന്ദൻ വലച്ചിറ, കെ. ഗോപാലകൃഷ്ണൻ, ജെൻസൻ ജോസ് കാക്കശ്ശേരി, കെ.പി. രാധാകൃഷ്ണൻ, ഐ.എം. വിജയൻ, ജോൺസൻ ആവോക്കാരൻ, അനിൽകുമാർ തെക്കൂട്ട്, സത്യഭാമ ടീച്ചർ, ഷാജൻ, അൽഫോൺസ പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വി.എസ്. പാർവതിയുടെ കഴിവുകളെയും സമർപ്പണ മനോഭാവത്തെയും പൗരാവലി അംഗങ്ങൾ അനുമോദിച്ചു.
