ചേലക്കര താലൂക്ക് ആശുപത്രിക്ക് പുതിയ ആംബുലൻസ്
ചേലക്കര മുൻ എം.എൽ.എ കെ. രാധാകൃഷ്ണൻ്റെ 2023 – 24 വർഷത്തെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് ചേലക്കര താലൂക്ക് ആശുപത്രിയിലേക്ക് വാങ്ങിയ ആംബുലൻസിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം കെ. രാധാകൃഷ്ണൻ എം.പി നിർവ്വഹിച്ചു.ചേലക്കര ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഇതുവരെ 29 സെൻ്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും 15 സെൻ്റ് കൂട്ടിച്ചേർത്ത് മൊത്തം 44 സെൻ്റ് സ്ഥലം എടുക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആശുപത്രി കേന്ദ്രീകരിച്ച് 6 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്നും ഡയാലിസിസ് കേന്ദ്രത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്നും കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം. അഷറഫ് അധ്യക്ഷനായി. ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ പത്മജ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ മായ, ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ പി. പ്രശാന്തി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ അരുൺ കാളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം അനീഷ്, ഷിജിത ബിനീഷ്, വാർഡ് മെമ്പർ പി.എ ജാഫർ മോൻ, എല്ലിശേരി വിശ്വനാഥൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ, ആർദ്രം നോഡൽ ഓഫിസർ ഡോ. ശ്രീജിത്ത്, ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി ഭാരവാഹികളായ കെ.സി മുരുകേശൻ, ജോൺ ആടുപാറ, രാഹുൽ വി. നായർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ശ്രീജയൻ സ്വാഗതവും ചേലക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി. പ്രിയ നന്ദിയും പറഞ്ഞു.
