ഒ.ഐ.സി.സി കുവൈറ്റ് പ്രഥമ പ്രവാസി പുരസ്കാരം കെ.സി വേണുഗോപാലിന്
കൊച്ചി : മുൻ പ്രധാനമന്ത്രിയും ഇന്ത്യയിലെ വാർത്താവിനിമയ, സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിച്ച നേതാവുമായ രാജീവ് ഗാന്ധിയുടെ പേരിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈറ്റ് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ പ്രവാസി പുരസ്‌കാരം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി-ക്ക് സമ്മാനിക്കും .
കെ.സി വേണുഗോപാലിന്റെ പൊതുപ്രവർത്തന മികവ്, ജനകീയ സമീപനം, പാർലമെന്റിൽ പ്രതിപക്ഷ രാഷ്ട്രീയ നേതൃപാടവം, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെന്ന നിലയിലെ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.
വിശിഷ്ട പൊതുജന സേവനം
കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് കെ.സി വേണുഗോപാൽ പൊതുപ്രവർത്തന രംഗത്ത് എത്തിയത്. എം.എൽ.എ, എം.പി, കേന്ദ്ര-സംസ്ഥാന മന്ത്രിസഭയിലെ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം മലയാളിക്ക് ദേശീയ രാഷ്ട്രീയത്തിൽ അഭിമാനിക്കാവുന്ന സാന്നിധ്യമായി മാറിയെന്ന് ജൂറി വിലയിരുത്തി. കഴിഞ്ഞ വർഷങ്ങളിൽ പാർട്ടിയെ ശക്തമായ പ്രതിപക്ഷമായി ഉയർത്തുകയും ഇന്ത്യ മുന്നണിയിലെ നേതാക്കളെ ഐക്യത്തോടെ മുന്നോട്ട് നയിക്കുകയും ചെയ്‌തത് കെ.സിയുടെ സംഘാടന മികവിന്റെ തെളിവാണെന്ന് അവാർഡ് കമ്മിറ്റിയുടെ വിലയിരുത്തൽ.
മെയ് മാസത്തിൽ പുരസ്‌കാര വിതരണ ചടങ്ങ്
മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡോ.ആസിഫ് അലി (അധ്യക്ഷൻ), എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാ മേനോൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് കള്ളിവയലിൽ എന്നിവരാണ് അവാർഡ് ജേതാവിനെ തീരുമാനിച്ച ജൂറി അംഗങ്ങൾ.
മെയ് മാസത്തിൽ കുവൈത്തിൽ വച്ച് വിപുലമായ ചടങ്ങിൽ പുരസ്‌കാരം കൈമാറുമെന്ന് കുവൈത്ത് ഒ.ഐ.സി.സി ഭാരവാഹികൾ അറിയിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ അബ്ദുൾ മുത്തലിബ് (ഒ.ഐ.സി.സി കുവൈത്ത് ചുമതല), ദേശീയ കമ്മിറ്റി പ്രസിഡൻ്റ് വർഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡൻ്റ് ഡോ. എബി വരിക്കാട് എന്നിവർ ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അറിയിച്ചു.
