ക്യാപ്റ്റൻ ലക്ഷ്മി സേഗാൾ കാരുണ്യ കേന്ദ്രത്തിന്റെ മേഖല ഓഫീസ് വലപ്പാട് ഉദ്ഘാടനം ചെയ്തു
വലപ്പാട്: സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ക്യാപ്റ്റൻ ലക്ഷ്മി സേഗാൾ കാരുണ്യ കേന്ദ്രത്തിന്റെ വലപ്പാട് മേഖല ഓഫീസ് ആനവിഴുങ്ങി സെന്ററിലെ സി പി ഐ എം ലോക്കൽ കമ്മിറ്റി ഓഫീസിൽ സി പി ഐ എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ട രോഗികൾക്കൊരു സാന്ത്വന സ്പർശം എന്ന ലക്ഷ്യത്തോടെ ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി സി പി ഐ എം വലപ്പാട് ലോക്കൽ കമ്മിറ്റി ജനങ്ങളിലേക്കിറങ്ങുകയാണെന്ന് സംഘാടകസമിതി അറിയിച്ചു. ഇതിനകം പൊതുജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചതായി നേതാക്കൾ അറിയിച്ചു.
വലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.കെ. തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വലപ്പാട് സർവ്വീസ് സഹകരണ ബാങ്കിന്റെ സംഭാവനയായ മെഡിക്കൽ ഉപകരണങ്ങൾ സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റി സെക്രട്ടറി എം.എ. ഹാരിസ് ബാബു ഏറ്റുവാങ്ങി. പാവപ്പെട്ട രോഗിയായ കൂടത്ത് കണ്ണനു വേണ്ടി അമ്മ തങ്കമണിക്ക് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം. അഹമ്മദ് വീൽ ചെയർ കൈമാറി.
പ്രമുഖർ പങ്കെടുത്തു
ചടങ്ങിൽ പാലക്കാട് ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. രോഷ് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മജ്ഞുള അരുണൻ, തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.സി. പ്രസാദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മല്ലിക ദേവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എ. വിശ്വംഭരൻ മാസ്റ്റർ, വി.ആർ. ബാബു, സുരേഷ് മഠത്തിൽ, സി ഐ ടി യു ഏരിയ സെക്രട്ടറി ടി.എസ്. മധുസുദനൻ, ക്യാപ്റ്റൻ ലക്ഷ്മി സേഗാൾ കാരുണ്യ കേന്ദ്രം ചെയർമാൻ ജോതി ബസു, ട്രഷറർ പ്രേംകുമാർ കാരയിൽ, കോ-ഓർഡിനേറ്റർമാരായ ഷൈലജ ജയലാൽ, പി.കെ. മോഹനൻ മാസ്റ്റർ, വി.എസ്. സുരജ് എന്നിവർ ആശംസകൾ നേർന്നു.
ക്യാപ്റ്റൻ ലക്ഷ്മി സേഗാൾ കാരുണ്യ കേന്ദ്രം രക്ഷാധികാരി രാജിഷ ശിവജി സ്വാഗതവും കൺവീനർ സി.ആർ. ഷൈൻ നന്ദിയും രേഖപ്പെടുത്തി.