ഇൻകാസ് – ഒ ഐ സി സി പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: ജോസഫ് ടാജറ്റ്
തൃശൂർ: പ്രവാസ ലോകത്തെ കോൺഗ്രസ് പോഷക സംഘടനകളായ ഇൻകാസ് – ഒ ഐ സി സി-യുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് തൃശൂർ ഡി സി സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ഇൻകാസ് – ഒ ഐ സി സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃതല യോഗത്തിലാണ് അദ്ദേഹം സംസാരിച്ചത്.
നാട്ടിൽ സാമൂഹ്യ-ജീവകാരുണ്യ രംഗത്ത് ഇൻകാസ്-ഒഐസിസി നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണെന്നും, ജില്ലാ തലത്തിൽ പ്രവാസി സംഘടനാ പ്രവർത്തകരുടെയും അനുഭാവികളുടെയും ഡയറക്ടറി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് നേതാക്കളായ കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ, യു ഡി എഫ് തൃശൂർ ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ എന്നിവരുമായി ഭാരവാഹികൾ ചർച്ച നടത്തി. സംഘടനാ സംവിധാനങ്ങൾക്ക് പുതിയ ഉണർവ്വ് നൽകാൻ ഇൻകാസ് – ഒ ഐ സി സിക്ക് സാധിക്കുമെന്ന് പ്രതാപൻ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ പങ്കാളിത്തം യു ഡി എഫ് പ്രവർത്തനങ്ങൾക്ക് ശക്തിയേകുന്നുവെന്നും ടി വി ചന്ദ്രമോഹൻ പറഞ്ഞു.

യോഗത്തിന് ഇൻകാസ് – ഒ ഐ സി സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ സമിതി ചെയർമാൻ എൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചന്ദ്രപ്രകാശ് ഇടമന, എൻ എ ഹസ്സൻ, ഇൻകാസ് ദുബൈ വർക്കിംഗ് പ്രസിഡന്റ് ബി പവിത്രൻ, യു എ ഇ നാഷ്ണൽ കമ്മിറ്റി സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ദുബൈ തൃശൂർ ജില്ലാ പ്രസിഡന്റ് ഫിറോസ് മുഹമ്മദാലി, ഒ ഐ സി സി റിയാദ് തൃശൂർ ജില്ലാ സെക്രട്ടറി സോണി പാറക്കൽ, ഹംസ എന്നിവർ യോഗത്തിൽ പങ്കെടുത്തു.