മുന്നൂറോളം മാമ്പഴങ്ങളെ പരിചയപ്പെടുത്തി എസ്.എന്‍ പുരം മാമ്പഴ മഹോത്സവം
തത്തമ്മചുണ്ടന്‍, കല്‍ക്കണ്ട വെള്ളരി, മല്‍പ്പീലിയന്‍, ഹിമസാഗര്‍, ഞെട്ടുളിയന്‍, അല്‍ഫോന്‍സോ, മല്‍ഗോവാ, തോത്താപൂരി, സിന്ദൂര്‍, കൊളമ്പ് തുടങ്ങിയ മുന്നൂറോളം മാമ്പഴങ്ങളെ പരിചയപ്പെടുത്തി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് മാമ്പഴ മഹോത്സവം. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിൻ്റെയും ഹരിതകേരള മിഷൻ്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാമ്പഴമഹോത്സവം ഇ.ടി ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍. അനില്‍കുമാര്‍ പ്രദേശിക ജൈവ വൈവിധ്യപരിപാലന കര്‍മ്മ പദ്ധതിയുടെ പ്രകാശനം നിര്‍വ്വഹിച്ചു. പ്രാദേശിക മാങ്ങകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്ന മാമ്പഴസ്റ്റാളിൻ്റെ ഉദ്ഘാടനം ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മഹോത്സവത്തിൻ്റെ ഭാഗമായി 100 വയസ്സു കവിഞ്ഞ മുത്തശ്ശിമാവിൻ്റെ ഉടമയായ ഭാഗ്യലക്ഷ്മിയേയും 65 ഇനം മാവുകള്‍ സംരക്ഷിക്കുന്ന അഷറഫ് മായനെയും ആദരിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു.
ഘോഷയാത്രയോടുകൂടി ആരംഭിച്ച മാമ്പഴ മഹോത്സവം ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിത പ്രദീപ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.സി ജയ, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ ജെ.എസ് മിനിമോള്‍, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഷാജി, വാര്‍ഡ് മെമ്പര്‍ ടി. ശീതള്‍, സംഘാടകസമിതി വൈസ് ചെയര്‍മാന്‍ കെ.കെ അബിദലി, ടി.കെ രമേഷ് ബാബു, പി.ആര്‍ ഗോപിനാഥന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആമിന അള്‍വര്‍, ജില്ലാ കോ-ഓഡിനേറ്റര്‍ ഫെബിന്‍ ഫ്രാന്‍സിസ്, സെക്രട്ടറി രഹ്ന പി. ആനന്ദ്, കെ.എ അയൂബ്, പി.എ നൗഷാദ്, എസ്, ഡോ.അമിതാബ് ബച്ചന്‍, കെ. രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
നാട്ടുത്സവത്തിൻ്റെ പ്രതീതിയോടെ കാര്‍ഷിക മേഖലകളെ ചേര്‍ത്തുനിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാമ്പഴ മഹോത്സവത്തിലൂടെ തുടക്കം കുറിക്കുകയാണ് പഞ്ചായത്ത്. സൂക്ഷ്മമായ കരുതലിലൂടെ പ്രാദേശിക വിഭവങ്ങളെ ആരോഗ്യപരവും സാമ്പത്തികപരവുമായ വിപണിമൂല്യങ്ങളാക്കി മാറ്റുന്ന സാധ്യതകളെ ശാസ്ത്രീയമായ അറിവിലൂടെയും, വിദഗ്ദ സഹായത്തിലൂടേയും പൊതുജനങ്ങള്‍ക്കായി അനാവരണം ചെയ്യുകയാണ് മാമ്പഴ മഹോത്സവം ലക്ഷ്യമിടുന്നത്.
മാമ്പഴങ്ങളുടെ പ്രദര്‍ശന വിപണന സ്റ്റാളുകള്‍, കുടുംബശ്രീ ഫുഡ് കോര്‍ട്ടുകള്‍, മണ്ണ് പരിശോധന സജ്ജീകരണം, സെമിനാറുകള്‍, മത്സരങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവ മാമ്പഴ മഹോത്സവത്തിന്റെ ആകര്‍ഷണങ്ങളാണ്. എസ്.എന്‍ പുരം ക്ഷേത്ര പരിസരത്ത് നടക്കുന്ന മാമ്പഴം മഹോത്സവം മെയ് 12 ന് സമാപിക്കും.
