‘രോമാഞ്ചം’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്ക്; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമാണ് രോമാഞ്ചം. റിലീസ് ഏറെ വൈകിയെങ്കിലും തിയേറ്ററുകളിൽ എത്തിയപ്പോൾ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്നലെ അമ്പതാം ദിവസം ആഘോഷിച്ചു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സ്ട്രീമിംഗ് ഏപ്രിൽ 7ന് ആരംഭിക്കും. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയിലും രോമാഞ്ചം ഇടം നേടിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച 10 ബോക്സ് ഓഫീസ് വിജയങ്ങളിൽ ഏഴാം സ്ഥാനത്താണ് ചിത്രം. വൈഡ് റിലീസ് കാലഘട്ടത്തിൽ ദീർഘകാലം ഓടുന്ന സിനിമകൾ അപൂർവങ്ങളിൽ അപൂർവമാണ്. അമ്പതാം ദിവസവും കേരളത്തിൽ 107 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചു എന്നതാണ് ചിത്രം ജനപ്രീതി നേടി എന്നതിന്റെ ഏറ്റവും വലിയ തെളിവ്. കേരളത്തിൽ നിന്ന് മാത്രം 41 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 4.1 കോടി രൂപയും വിദേശത്തുനിന്ന് 22.9 കോടി രൂപയുമാണ് ചിത്രം ഇതുവരെ നേടിയത്. ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ ഇതുവരെ 68 കോടി രൂപയാണ്. സമീപകാലത്ത് ചുരുക്കം ചില മലയാള സിനിമകൾക്ക് മാത്രം നേടാൻ കഴിഞ്ഞ ഒരു നേട്ടമാണിത്. എല്ലാം മറന്ന് ചിരിക്കാവുന്ന ഒരു സിനിമ വളരെക്കാലത്തിനുശേഷം മലയാളത്തിൽ വന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ക്വാളിറ്റി. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. 2007ൽ ബംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് നവാഗത സംവിധായകന്‍ ജിത്തു മാധവന്‍ ചിത്രമൊരുക്കിയിരിക്കുന്നത്.