Entertainment

ഇന്റർസോൺ കലോത്സവത്തിൽ നാട്ടിക ശ്രീനാരായണ കോളേജിന് സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം

വളാഞ്ചേരി: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ പെൺകുട്ടികളുടെ വിഭാഗം സംഘനൃത്തത്തിൽ നാട്ടിക ശ്രീനാരായണ കോളേജ് ഒന്നാംസ്ഥാനം നേടി.
കണ്ണൂരിന്റെ തനത് നാടൻ കലാരൂപമായ ഭഗവതി തെയ്യക്കോലങ്ങളുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. നൃത്താധ്യാപകൻ സൂരജ് തൃശ്ശൂരിന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ നന്ദന മധു, അമൃത വി.ബി, ഗായത്രി പി മനോജ്, തൃഷ്ണ കെ.എസ്, ആര്യ പി.ആർ, നന്ദിത സൗധ പി, മിന്ന എം.ആർ, നന്ദന കെ.ഡി എന്നിവർ ആണ് അഭിമാന നേട്ടത്തിന് അർഹരായത്.
മാളയിൽ നടന്ന ഡി-സോൺ കലോത്സവത്തിലും ഒന്നാംസ്ഥാനം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ വിജയത്തോടെ കോളേജിന് അഭിമാനമായ വിദ്യാർഥിനികളെ കോളേജിലെ അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.