റത്തൻ ടാറ്റ അന്തരിച്ചു; വ്യവസായ ലോകത്തെ ഒരു യുഗത്തിന് അന്ത്യം
വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ റത്തൻ ടാറ്റ (85) അന്തരിച്ചു. ഇന്ത്യൻ വ്യവസായ രംഗത്ത് ക്രാന്തദർശിയായ അദ്ദേഹം, ടാറ്റ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് മികച്ച ദിശാബോധം നൽകി. ഇന്ത്യൻ വ്യവസായരംഗത്തെ യശസ്സും പൈതൃകവും നിലനിർത്തി, ഉന്നതങ്ങളിലേക്ക് നയിച്ച റത്തൻ ടാറ്റയുടെ വിയോഗം രാജ്യത്തിന്റെ വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു. എക്കാലത്തെയും ഏറ്റവും ജനകീയനും പ്രിയപെട്ടവനുമായ വ്യവസായികളിലൊരാളായ റത്തൻ ടാറ്റ ഇന്ത്യൻ കമ്പനികളുടെ മൂല്യം ആഗോള തലത്തിൽ ഉയർത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.
1959-ൽ ടാറ്റ ഗ്രൂപ്പിൽ പ്രവേശിച്ച അദ്ദേഹം 1991-ൽ ചെയർമാനായി. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), ടാറ്റ കെമിക്കൽസ് എന്നിവയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ നേത്രുത്വം നിർണായകമായി. ജാഗ്വർ ലാൻഡ് റോവർ, കോറസ് തുടങ്ങിയ ബ്രാൻഡുകളെ സ്വന്തമാക്കിയതിലൂടെ, ടാറ്റ ഗ്രൂപ്പിനെ ആഗോള തലത്തിൽ ഉയർത്തി. സാമൂഹിക സേവന രംഗത്തും മൂല്യാധിഷ്ഠിത നേതൃത്വത്തിനും അദ്ദേഹം മാതൃകയായി.
2012-ൽ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും തന്റെ ധീരവും വിജ്ഞാനസമ്പന്നവുമായ ഉപദേശങ്ങളിലൂടെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിൽ തുടർച്ചയായ പങ്കാളിത്തം വഹിക്കാൻ അദ്ധേഹത്തിന് കഴിഞ്ഞിരുന്നു. സമൂഹ സേവന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്. ഇന്ത്യൻ സംസ്കൃതിയിൽ ഊന്നിയ പക്വതയുള്ള നേതൃപാടവത്തിന് ഉത്തമോദാഹരണമായിരുന്ന രത്തൻ ടാറ്റായുടെ നിര്യാണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുക്കയാണ് . ഇന്ത്യൻ വ്യവസായരംഗത്ത് ഒരു യുഗത്തിന് അന്ത്യമായിരിക്കുന്നു.