FoodGeneralHealthKERALAMTHRISSUR

ഓപ്പറേഷന്‍ ലൈഫ്: 11 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നോട്ടീസ് നല്‍കി

തൃശ്ശൂർ: മഴക്കാലത്തോടനുബന്ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍, ഭക്ഷ്യവിഷബാധ എന്നിവ തടയുക, ശുചിത്വവും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി 247 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 11 സ്‌ക്വാഡുകളായി നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ 11 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നതിനുള്ള നോട്ടീസ് നല്‍കി. 65 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നോട്ടീസും നല്‍കി. പഴം, പച്ചക്കറി എന്നിവയിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി 65 സാമ്പിളുകള്‍ ശേഖരിച്ചു.

ശക്തന്‍ സ്റ്റാൻ്റിലെ നൈസ് റസ്റ്റോറൻ്റ്, ശക്തന്‍ സ്റ്റാൻ്റിന് പരിസരത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകട, ടി.ഡബ്ല്യൂ.സി.സി.എസ് ബില്‍ഡിങിലെ റസ്റ്റോറൻ്റ്, ചാവക്കാട് കൃഷ്‌ണേട്ടൻ്റെ ചായക്കട, ചാവക്കാട് കൂടെ റസ്റ്റോറൻ്റ്, ഗുരുവായൂര്‍ തൈക്കാട് ഗാലക്‌സി ബേക്കറി, കുന്നംകുളം എം.കെ.കെ. വെജിറ്റബിള്‍സ്, ഇരിഞ്ഞാലക്കുട കഫേ ഡിലൈറ്റ്, നിജൂസ് ടീ ക്ലബ്, അരിമ്പൂര്‍ ടിങ്കു ബേക്കറി, ന്യൂ സ്റ്റാര്‍ ഹോട്ടല്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

പരിശോധന സമയത്ത് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാതയോ, ഭക്ഷണം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതയോ, കുടിവെള്ളത്തിൻ്റെ ഗുണനിലവാര പരിശോധന റിപ്പോര്‍ട്ട് ഇല്ലാതയോ, ഗുരുതരമായ ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നതോ ആയ സ്ഥാപനങ്ങള്‍ക്കാണ് ന്യൂനതകള്‍ പരിഹരിക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനുളള നോട്ടീസ് നല്‍കിയത്.