പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ
1950 സെപ്തംബർ 17 ന് ഗുജറാത്തിലെ മെഹ്സാന പട്ടണത്തിലായിരുന്നു നരേന്ദ്ര ദാമോദർദാസ് മോദിയുടെ ജനനം. 1971-ലാണ് അദ്ദേഹം ഗുജറാത്തിൽ ആർ. എസ്. എസിന്റെ മുഴുവൻ സമയ പ്രവർത്തകനായി മാറിയത്. പിന്നീട് 1985ൽ അദ്ദേഹം ബിജെപിയിൽ എത്തി. തുടർന്ന് 2001 വരെ പാർട്ടിയിലെ വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ജനറൽ സെക്രട്ടറി പദത്തിലേക്ക് ഉയരുകയും ചെയ്തു. 2001 മുതൽ 2014 വരെ തുടർച്ചയായി മൂന്ന് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സേവനമനുഷ്ഠിച്ചു. 2014-ൽ ആദ്യമായി അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഇപ്പോൾ മൂന്നാം തവണയും അദ്ദേഹം അധികാരത്തിൽ തുടരുകയാണ്. ജന്മദിനത്തോട് അനുബന്ധിച്ച് ഒഡീഷയിലെ ഭുവനേശ്വറിൽ പിഎം ആവാസ് പദ്ധതിയിലൂടെ നിർമ്മിച്ച 26 ലക്ഷം വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഭുവനേശ്വർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം നേരെ സൈനിക സ്കൂളിന് സമീപമുള്ള ചേരിയിലേയ്ക്ക് പോകും. അവിടെയുള്ള ആവാസ് പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. അവിടെ നിന്ന് അദ്ദേഹം ജനതാ മൈദാനിലേയ്ക്ക് പോകും. സുഭദ്ര യോജന പദ്ധതിയ്ക്ക് അദ്ദേഹം ഇന്ന് തുടക്കം കുറിക്കും. വനിതകൾക്ക് 5 വർഷത്തേക്ക് 50,000 രൂപ നൽകുന്ന പദ്ധതിയാണ് സുഭദ്ര യോജന. ഒഡീഷയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഭുവനേശ്വറിലും ജനതാ മൈദാനിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ 100-ാം ദിനവും ഇന്ന് തന്നെയാണ്.