2025 ഹജ്ജ് തീർത്ഥാടനം; അപേക്ഷ നൽകുവാനുള്ള അവസാന തിയ്യതി നീട്ടി
തിരുവനന്തപുരം: 2025 വർഷത്തേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി നീട്ടി. സെപ്തംബർ 30 ആണ് പുതുക്കിയ തീയ്യതി.അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീന് റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലൂടെ 2025 വർഷത്തെ ഹജ്ജിന് 18835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. ഇതിൽ 3768 അപേക്ഷകൾ 65+ വയസ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം 45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. രാജ്യത്ത് ആകെ ഇതുവരെ 132511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷിച്ചവർ നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്.