General

പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ അശ്വതി വേല കൊടിയേറി

പാലപ്പെട്ടി: പ്രശസ്തമായ ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ഉത്സവത്തിന് കൊടിയേറി. പട്ടാമ്പി കളരിക്കൽ ഹരിദാസൻ പണിക്കരുടെ നേതൃത്വത്തിൽ കൂത്ത് പണിക്കൻമാർ കർമ്മാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി ക്ഷേത്രമുറ്റത്തെ ആലിയിൽ കൊടിയുയർത്തി.
ഏഴു ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി, തോൽപ്പാവക്കൂത്ത് എന്ന പരമ്പരാഗത കലാരൂപം ക്ഷേത്രത്തിൽ അരങ്ങേറും. കൂടാതെ, ആറു ദിവസങ്ങളിലായി വൈകുന്നേരം വിവിധ സ്റ്റേജ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും.

പ്രധാന ചടങ്ങുകൾ:
മാർച്ച് 2 (രേവതി): രാത്രി 8:30 മുതൽ ഭഗവതിയെ എഴുന്നള്ളിച്ച് പ്രസിദ്ധമായ പറവഴിപാട് ചടങ്ങ് ആരംഭിക്കും. രാത്രി 12:30-ഓടെ കുഞ്ഞമ്പലത്തിലേക്ക് എഴുന്നള്ളിച്ച് മുഖ്യ കൂത്ത് – രാവണവധം – അരങ്ങേറും.
മാർച്ച് 3 (അശ്വതി): വൈകുന്നേരം 4:00-മണിക്ക് 5 ഗജവീരന്മാരുടെ അകമ്പടിയോടെ പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും പാണ്ടിമേളവും ഉണ്ടാകും. ഉത്സവ സമാപനമായി ദീപാരാധനയും വർണ്ണമഴയും നടക്കും.
മാർച്ച് 4 (ഭരണി): പുലർച്ചെ 4:00-മണിക്ക് ധീവര സമുദായ താലം വരവ്, 7:00-മണിക്ക് വേട്ടുവ സമുദായ താലം വരവ്, തുടർന്ന് പറയ, പുലയ സമുദായങ്ങളുടെ കുതിരകളുടെ പ്രകടനം എന്നിവ നടക്കും. ഉച്ചക്ക് 12:00-മണിക്ക് കൂത്ത് പണിക്കന്മാരുടെ രാമശരം സമർപ്പണത്തോടെ അശ്വതി വേലക്ക് സമാപനം കുറിക്കും.
ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് യു.ആർ. രാഗേഷ്, സെക്രട്ടറി മിഥുൻ സി.എം, ജോയിന്റ് ട്രഷറർ അനൂപ് തോട്ടാരത്ത്, വൈസ് പ്രസിഡണ്ട് പ്രതീഷ് ശർക്കര, ജോയിന്റ് സെക്രട്ടറി സുമേഷ് പാനാട്ടിൽ, ട്രസ്റ്റ് ബോർഡ് ചെയർമാൻ സുമിത്രൻ തോട്ടാരത്ത്, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ തുളസി കെ.സി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.