GeneralKERALAMTHRISSUR

വയനാടിന് കൈത്താങ്ങുമായി അഗസ്റ്റിന്‍

വെള്ളാങ്കല്ലൂര്‍: തൻ്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നും തന്നാല്‍ ആവുന്നത് നല്‍കി വയനാടിന് കൈത്താങ്ങാവുകയാണ് വേളൂക്കര കൊറ്റനല്ലൂര്‍ സ്വദേശി എടപ്പിള്ളി വീട്ടില്‍ ഇ.ഡി അഗസ്റ്റിന്‍. പത്ര വിതരണത്തിൻ്റെ ഏജൻ്റായി ജോലിചെയ്യുന്ന 63 വയസ്സുകാരനായ അഗസ്റ്റിന്‍ ചേട്ടന് ചെറുപ്പം മുതലേ കേള്‍വിക്ക് തകരാറുണ്ട്. ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് ജീവിക്കുന്നത്. സര്‍ക്കാരിൻ്റെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ സഹായവും ഒരു ആശ്വാസമാണ്. അഗസ്റ്റിന്‍ മൂന്നുമാസത്തെ പെന്‍ഷന്‍തുകയായ 4800 രൂപയാണ് സര്‍ക്കാരിൻ്റെ ദുരിതാശ്വാസനിധിയിലേക്കായി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപിന് കൈമാറിയത്.

തുടര്‍ സാക്ഷരതാ വിദ്യാഭ്യാസ പദ്ധതിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികൂടിയാണ് അഗസ്റ്റിന്‍. കഴിഞ്ഞ പ്രളയസമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. തൻ്റെ വേവലാതികള്‍ മറന്നുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും മറ്റുള്ളവരെ സഹായിക്കാനും തനിക്കും കുടുംബത്തിനും സന്തോഷമാണെന്ന് അഗസ്റ്റിന്‍ പറഞ്ഞു. സമൂഹത്തിന് നല്ലതു വരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഭാര്യ എമിലിയും മക്കളായ ആദര്‍ശും തേജസ്വനിയും അഗസ്റ്റിന്‍ ചേട്ടനോടൊപ്പമുണ്ട്.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അമ്മനത്ത്, തുടര്‍ സാക്ഷരത ബ്ലോക്ക് പ്രേരക് ബേബി ജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.