General

മഴക്കെടുതി, കൃഷിനാശം, ഉരുനഷ്ടം തുടങ്ങിയവക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിന് റവന്യൂ വകുപ്പില്‍ നിന്ന് റിലീഫ് പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കുന്നു. ഇതിനായി വീട്ടുടമ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, വിലാസം, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ബാങ്ക് അക്കൗണ്ട് മുഖേന തുക വിതരണം ചെയ്യുന്നതിനാല്‍ അപേക്ഷയില്‍ ചേര്‍ക്കുന്ന ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്നും ആക്ടീവ് ആണെന്നും ഉറപ്പാക്കണം.
നാശനഷ്ടത്തോത് കണക്കാക്കുന്നതിനായി വില്ലേജ് ഓഫീസര്‍ അപേക്ഷകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയര്‍ സ്ഥലപരിശോധന നടത്തി നാശനഷ്ടത്തോത് കണക്കാക്കി തുടര്‍നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് നല്‍കും. ഈ റിപ്പോര്‍ട്ട് റിലീഫ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് ഫോര്‍വേഡ് ചെയ്യും. അപേക്ഷകള്‍ പരിശോധിച്ച് വ്യക്തമായ ശിപാര്‍ശയോടെ തഹസില്‍ദാര്‍, തുടര്‍നടപടിക്കായി ജില്ലാ കലക്ടര്‍ക്ക് പോര്‍ട്ടല്‍ മുഖേന അയക്കും. തുടര്‍ന്ന്, തുക അനുവദിക്കുന്നതിനുള്ള തുടര്‍നടപടി കളക്ടറേറ്റില്‍ നിന്ന് സ്വീകരിക്കും.
കൃഷിനാശം: നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
മഴക്കെടുതിയില്‍ കൃഷി നാശമുണ്ടായാല്‍ എയിംസ് പോര്‍ട്ടല്‍ www.aims.kerala.gov.in മുഖാന്തിരം അപേക്ഷ നല്‍കണം. കൃഷിനാശം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തി കൃഷിനാശത്തിന്റെ ഫോട്ടോയും കരമടച്ച രസീതി എന്നിവയും അപ്പ്‌ലോഡ് ചെയ്യണം. ഓരോ വിളയ്ക്കും കൃഷി നാശത്തിനും ക്രോപ് ഇന്‍ഷുറന്‍സ് അനുകൂല്യത്തിനും എയിംസ് പോര്‍ട്ടലില്‍ അപേക്ഷിക്കണം. വ്യക്തിഗതമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
ഉരുക്കള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
ശക്തമായ മഴയും വെള്ളക്കെട്ടും മൂലം ഉരുക്കള്‍ നഷ്ടപ്പെട്ട മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിപാരം നല്‍കുന്നു. മൃഗാശുപത്രികളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോം, ഫോട്ടോ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഇതേ ആവശ്യത്തിന് മറ്റ് ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം അടുത്തുള്ള മൃഗാശുപത്രികളില്‍ ഉടന്‍ സമര്‍പ്പിക്കണം.