ചുഴലിക്കാറ്റ് പ്രതിരോധം — തൃശൂരിൽ മോക്ക് ഡ്രിൽ നടത്തി
തൃശൂർ: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും പ്രതിരോധ തയ്യാറെടുപ്പിനായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ചേറ്റുവ ഹാർബറും, മുകുന്ദപുരം താലൂക്കിലെ കളത്ത് സ്ഥിതിചെയ്യുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാൽവ് സ്റ്റേഷനുമാണ് ഡ്രില്ലിനായി തിരഞ്ഞെടുത്തത്.

മോക്ക് ഡ്രിൽ വഴി ജനങ്ങളെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് അറിയിക്കുകയും, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും, അതിനായി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയും, വകുപ്പുകൾ തമ്മിൽ ഏകോപനം ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനം പരിശോധിക്കുകയായിരുന്നു ലക്ഷ്യം.
ദേശീയ ദുരന്ത പ്രതികരണ സേനയും ഇന്ത്യൻ നേവിയും സംയുക്തമായി റെസ്‌ക്യൂ പ്രവർത്തനങ്ങൾ അനുകരിച്ചും, ടെലികോം വിഭാഗം ആശയവിനിമയ സജ്ജീകരണങ്ങളുടെ തകരാർക്കുള്ള താൽക്കാലിക പരിഹാര മാർഗങ്ങൾ അവതരിപ്പിച്ചും മോക്ക് ഡ്രിൽ നടന്നു. പ്രത്യേക നിരീക്ഷകർ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ഫീൽഡ് പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. കൂടാതെ, ജില്ലാ ഭരണകൂടം നിയോഗിച്ച നിരീക്ഷകരും ഇരു കേന്ദ്രങ്ങളിലും അതിജീവന ഒരുക്കങ്ങളുടെ കാര്യക്ഷമത വിലയിരുത്തി.
ഈ പരിശീലനം, ഓരോ സംവിധാനങ്ങളും ദുരന്തസാധ്യതകളുടെ പശ്ചാത്തലത്തിൽ എത്രത്തോളം സജ്ജമാണെന്ന് തിരിച്ചറിയുന്നതിനും, പരിപൂർണതയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തുന്നതിനും സഹായകരമാണ്.
