റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നത് വേഗത്തിലാക്കണം; ജില്ലാ കലക്ടര്‍ അർജ്ജുൻ പാണ്ഡ്യൻ
തൃശൂര്‍: കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയിലെ റോഡുകളില്‍ രൂപപ്പെടുന്ന ഗര്‍ത്തങ്ങളും കുഴികളും അടയ്ക്കാനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ജില്ലയിലെ റോഡ് നിര്‍മാണ പുരോഗതി സംബന്ധിച്ച അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ശക്തമായ മഴയില്‍ മരങ്ങള്‍ വീണിട്ടുണ്ടാകുന്ന തകരാറുകളും സമയബന്ധിതമായി പരിഹരിക്കണം. അനുമതി ആവശ്യമെങ്കില്‍ മുന്‍കൂട്ടി അറിയിച്ച് നടപടി സ്വീകരിക്കണം. കൂടാതെ, റോഡ് സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. സൈന്‍ ബോര്‍ഡുകള്‍, അപകട സൂചികകള്‍ എന്നിവ സ്ഥാപിക്കുക, പ്രധാനപ്പെട്ട ജങ്ഷനുകളിലും മറ്റും സീബ്ര ലൈന്‍ വ്യക്തമായി കാണുന്നുണ്ടെന്ന് ഉറപ്പാക്കുക, സ്‌കൂള്‍ മേഖലകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
പൊതുമരാമത്ത്, കെ.എസ്.ടി.പി, കെ.ആര്‍.എഫ്.ബി, എന്‍.എച്ച് എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. കെ.എസ്.ടി.പിയുടെ കൊടുങ്ങലൂര്‍- ഷൊര്‍ണൂര്‍ റോഡ് നിര്‍മാണം നിലവില്‍ ഡൈവേര്‍ഷന്‍ പ്ലാനില്‍ ഊരകം- പൂച്ചുന്നിപ്പാടം ഭാഗത്ത് 1.2 കി.മീ പ്രവൃത്തി പുരോഗമിക്കുകയാണ്. ചന്തക്കുന്ന്- ക്രൈസ്റ്റ് കോളജ് ഡൈവേര്‍ഷന് കൂടി അനുമതി ലഭിച്ചാല്‍ ഒരേസമയം പ്രവൃത്തി നടത്താനാകും. തൃശൂര്‍ കുറ്റിപ്പുറം റോഡ് പ്രവൃത്തിയുടെ പുതിയ ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കും. നിലവിലുള്ള റോഡിലെ അറ്റക്കുറ്റപ്പണികള്‍ ദ്രുതഗതിയിൽ നടത്തിവരുന്നതായും റോഡ് അധികൃതർ യോഗത്തിൽ പറഞ്ഞു.
കെ.ആര്‍.എഫ്.ബിയുടെ ചാലക്കുടി-ആനമല റോഡില്‍ 20 കി.മീ ബി.സി പ്രവൃത്തി പൂര്‍ത്തിയായി. 10 കി.മീറ്റര്‍ കൂടി ശേഷിക്കുന്നുണ്ടെന്നും നിലവില്‍ ഗതാഗതം സുഗമമാക്കാന്‍ ജീവനക്കാരെ നിയോഗിച്ചതായും എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. വിലങ്ങന്നൂര്‍- വെള്ളികുളങ്ങര- വെറ്റിലപ്പാറ മലയോര ഹൈവേയ്ക്കായി 18 ഹെക്ടര്‍ വനഭൂമിയില്‍ 13 ഹെക്ടര്‍ ലഭ്യമായിട്ടുണ്ട്. ശേഷിക്കുന്ന വനഭൂമി കൂടി കണ്ടെത്തുന്നതിന് നടപടി ഊര്‍ജിതമാക്കും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് റോഡിനായി ഭൂമിയേറ്റെടുപ്പ് പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പിന് ഭൂമി കൈമാറുന്ന പ്രവൃത്തി വേഗത്തിലാക്കും.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ റോഡുകളിലെ തകരാറുകള്‍ വിശകലനം ചെയ്തു. വാട്ടര്‍ അതോറിറ്റി, ജലനിധി പ്രവൃത്തികള്‍ നടക്കുന്നതിനാലും റോഡുകള്‍ പലതും പുനസ്ഥാപിക്കാത്തതും കനത്ത മഴയില്‍ തകര്‍ന്ന റോഡുകളുടെ സ്ഥിതിയും ചര്‍ച്ച ചെയ്തു. തൃശൂര്‍- തലോര്‍ റോഡ് നിര്‍മാണം പുതിയ കരാറുകാരനെ ഏര്‍ല്‍പ്പിക്കുന്ന നടപടിയും മുണ്ടൂര്‍- കുറ്റേക്കര റോഡിനായി ഭൂമിയേറ്റെടുപ്പ് പ്രവൃത്തികള്‍ പുഗോമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവാത്ത തരത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവൃത്തികള്‍ നടത്തണമെന്ന് ദേശീയപാത അധികൃതര്‍ക്ക് ജില്ലാ കലക്ടർ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി.മുരളി, പൊതുമരാമത്ത്, കെ.എസ്.ടി.പി, കെ.ആര്‍.എഫ്.ബി, എന്‍.എച്ച് വിഭാഗങ്ങളുടെ എക്‌സി. എന്‍ജിനീയര്‍മാര്‍, അസി. എക്‌സി. എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.