GeneralTHRISSUR

ലോകസഭാ തിരഞ്ഞെടുപ്പ്; എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്

തൃശൂർ : ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവില്‍ ഇതുവരെ 141 അബ്കാരി കേസുകളും 51 എന്‍.ഡി.പി.എസ് കേസുകള്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഇതില്‍ 356 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 558 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ള്, 86 ലിറ്റര്‍ ചാരായം, 732 ലിറ്റര്‍ വാഷ്, 36 ലിറ്റര്‍ അരിഷ്ടം, 8.2 ലിറ്റര്‍ ബിയര്‍, മൂന്ന് കിലോ കഞ്ചാവ്, എട്ട് കിലോ കഞ്ചാവ് കലര്‍ന്ന മിട്ടായികള്‍, 463.17 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് ചെടികള്‍- 3 എണ്ണം, മെത്താഫെറ്റാമിന്‍- 2.165 ഗ്രാം, 470 കിലോ പുകയില ഉത്പ്പന്നങ്ങള്‍, ആറ് വാഹനങ്ങള്‍ എന്നിവ പിടികൂടി.
വ്യാജവാറ്റ്, വ്യാജ മദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, വ്യാജ മദ്യം, ചാരായം നിര്‍മാണം, സ്പിരിറ്റ് ചാരായമായും നിറം കലര്‍ത്തി വിദേശമദ്യമായും ഉപയോഗിക്കല്‍, കള്ളിന്റെ വീര്യവും അളവും കൂട്ടാനുള്ള മായംചേര്‍ക്കലുകള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഫെബ്രുവരി 23 മുതലാണ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവ് തുടങ്ങിയത്. ഈ കാലയളവില്‍ വ്യാജമദ്യവും, ലഹരിമരുന്നുകളും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യവും കേരളത്തിലേക്ക് എത്തുന്നതിന് സാധ്യത കൂടുതലായതിനാല്‍ വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. എക്‌സൈസ് ചെക്ക്‌പോസ്റ്റ് വഴി കടന്നുവരുന്ന പച്ചക്കറി, മത്സ്യം എന്നിവ കയറ്റിവരുന്ന വാഹനങ്ങള്‍, ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യ വാഹനങ്ങള്‍, ടാങ്കര്‍ ലോറി തുടങ്ങിയവ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചും പരിശോധന ഊര്‍ജിതമാണ്.
സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജില്ലാതല എക്‌സൈസ് കണ്‍ട്രോള്‍ റൂം തൃശൂര്‍ ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂം ടെലഫോണ്‍ നമ്പര്‍- 0487 2361237. ജില്ലയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക് തലത്തില്‍ എസൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സും, എന്‍.എച്ച് 66, എന്‍.എച്ച് 544 എന്നീ ഹൈവേകളില്‍ 24 മണിക്കൂറും പട്രോളിങ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ലേബര്‍ ക്യാമ്പുകളിലും ഇവര്‍ എത്തുന്ന ട്രെയിനുകളിലും ശക്തമായ പരിശോധന നടത്തുന്നുണ്ട്. റെയില്‍വേ പോലീസുമായി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനയും നടക്കുന്നു. തീരപ്രദേശങ്ങളില്‍ കോസ്റ്റല്‍ പോലീസുമായി സഹകരിച്ചും സംയുക്ത പരിശോധന തുടരും. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട മുന്‍കുറ്റവാളികള്‍, ഇവരുടെ താമസം, പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.