GeneralUAE

യുഎഇ പൊതുമാപ്പ് പ്രവാസികൾ പ്രയോജനപ്പെടുത്തണം; കെ.സുധാകരൻ

കൊച്ചി : നിയമവിരുദ്ധ താമസക്കാർക്ക് പിഴയൊടുക്കാതെ നിയമ നടപടികൾ പൂർത്തിയാക്കി രാജ്യം വിടാനും രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും അവസരം നൽകുന്നതിന് യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ പറഞ്ഞു. സെപ്തംബർ 1 മുതൽ ഒക്ടോബർ 31 വരെ നീണ്ടു നിൽക്കുന്നതാണ് പൊതുമാപ്പ് കാലാവധി. യു എ ഇ ഭരണാധികാരികൾ പ്രവാസി സുഹത്തോട് കാണിക്കുന്ന കരുതലിന്റെയും കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഭാഗമായുള്ള ഇത്തരം നടപടികൾ സ്വാഗതാർഹമാണെന്നും അദ്ധേഹം പറഞ്ഞു. ഇൻകാസ് യുഎഇ കമ്മിറ്റി പ്രതിനിധി സംഘവുമായി എറണാംകുളത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ആണ് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ ഈ കാര്യങ്ങൾ പറഞ്ഞത്. പൊതുമാപ്പ് കാലയവളിൽ നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുളള നടപടികളും പദ്ധതികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കണം എന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു. ആവശ്യമായ സഹായങ്ങൾക്ക് ഇൻകാസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം. ഇൻകാസ് യു എ ഇ കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് സുനിൽ അസീസ്, ജനറൽ സെക്രട്ടറിമാരായ കെ.സി അബൂബക്കർ, ബി.എ നാസർ, മുൻ പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരിയിൽ, കെ.പി.സി.സി സംഘടനാ ചുമതലെയുള്ള ജനറൽ സെക്രട്ടറി അഡ്വ. എം ലിജു, ഇൻകാസ് ചുമതലയുള്ള വൈസ് പ്രസിഡണ്ട് വി.പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് നേതാക്കളായ എൻ.പി രാമചന്ദ്രൻ, ഷാജി കാസ്മി, ടി.എ നാസ്സർ, ഫൈസൽ തഹാനി, അബ്ദുൾ മജീദ്, പ്രകാശ്,സുബൈർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.