GeneralKERALAMLatestTHRISSUR

കനാലുകളില്‍ അടിഞ്ഞുകൂടിയ തടസ്സങ്ങള്‍ അടിയന്തരമായി നീക്കാന്‍ നിര്‍ദ്ദേശം

തൃശ്ശൂർ: ജില്ലയിലെ കനാലുകളില്‍ അടിഞ്ഞുകൂടിയ തടസ്സങ്ങള്‍ അടിയന്തരമായി നീക്കം ചെയ്ത് ശുചീകരിക്കാന്‍ മേജര്‍, മൈനര്‍, അഡീഷണല്‍ ഇറിഗേഷന്‍ വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കര്‍ശന നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന കനാലുകളില്‍ ഉണ്ടായ കുളവാഴകള്‍, ചണ്ടികള്‍, ചെളിയും മണ്ണും തുടങ്ങിയവ നീക്കം ചെയ്യണം. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. മഴയുടെ അളവ് അനുസരിച്ച് ഡാം ഷട്ടറുകള്‍ തുറക്കുന്നതിന് ഏകോപനം ഉണ്ടാകണമെന്ന് നിര്‍ദേശിച്ചു. പരമാവധി രാത്രിസമയത്ത് ഷട്ടര്‍ ഉയര്‍ത്താതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് നിര്‍ദേശം നല്‍കി.

കനത്ത മഴ മൂലം തകര്‍ന്ന റോഡുകളില്‍ അപകട സൂചന ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. പൊതുമരാമത്ത് റോഡ്‌ വിഭാഗം കഴിഞ്ഞ രണ്ടുമാസത്തില്‍ അപകടാവസ്ഥയിലുള്ള 142 മരങ്ങളും 503 മരങ്ങളുടെ ശിഖരങ്ങളും മുറിച്ചുമാറ്റിയതായി അറിയിച്ചു. തുടര്‍ന്നും അപകടസാധ്യത ഉണ്ടാവുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നു. പി.ഡബ്ല്യൂ.ഡി റോഡ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ 9447714695 (പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയര്‍) നമ്പറില്‍ അറിയിക്കാം.

മണലി, കുറുമാലി പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയെക്കാള്‍ മുന്നിലെത്തിയിട്ടുണ്ട്. പലയിടങ്ങളും ബണ്ട് പൊട്ടാനുള്ള സാധ്യതയുള്ളതിനാല്‍ ഇത് ബലപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. ജില്ലയില്‍ ബണ്ടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ 9446762918 (കെ.എല്‍.ഡി.സി കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍) നമ്പറില്‍ അറിയിക്കാം.

എറവക്കാട് ഷട്ടര്‍ കേടായതുമൂലമുള്ള വെള്ളക്കെട്ട് നീക്കി നീരൊഴുക്ക് സുഗമമാക്കി. പുലക്കാട്ടുകര, മാഞ്ഞാംകുഴി ഷട്ടറുകളില്‍ മരം വന്നടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടത്, ഏനാമാവ്- ഇല്ലിക്കല്‍ ഷട്ടറുകള്‍ തുറക്കുന്നത്, പുഴയ്ക്കല്‍ മുതല്‍ ഏനാമാവ് വരെയുള്ള ഫ്‌ളഡ് ഇന്‍ലെറ്റുകള്‍/ ഔട്ട്‌ലെറ്റുകള്‍ തുറക്കാത്തതിനെ തുടര്‍ന്ന് വെള്ളം കയറുന്ന പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടർ നിര്‍ദേശം നല്‍കി. ഇറിഗേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിന് 6447454630 (എക്‌സി. എന്‍ജീനിയര്‍, മേജര്‍ ഇറിഗേഷന്‍), 9961588821 (എക്‌സി. എന്‍ജീനിയര്‍, മൈനര്‍ ഇറിഗേഷന്‍), 9633088553 (അഡീ. ഇറിഗേഷന്‍ എക്‌സി. എന്‍ജീനിയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ദേശീയപാത 66, 544 എന്നിവയുമായി ഉണ്ടാകുന്ന വെള്ളക്കെട്ട്/ റോഡിലെ കുഴികള്‍, അടിപ്പാത നിര്‍മാണം മൂലമുള്ള ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച പ്രശ്‌നങ്ങള്‍ 9495024074 (എന്‍.എച്ച് ഡെപ്യൂട്ടി കലക്ടര്‍) നമ്പറില്‍ അറിയിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തോടുകളും കനാലുകളും വൃത്തിയാക്കുന്നത് സംബന്ധിച്ച് 9847731594 (എല്‍.എസ്.ജി.ഡി ജോയിൻ്റ് ഡയറക്ടര്‍) നമ്പറിലും അറിയിക്കാം. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി.മുരളി, അസി. കലക്ടര്‍ അതുല്‍ സാഗര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.