GeneralKERALAMTHRISSUR

തൃശ്ശൂർ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയിൽ മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു

സമഭാവനയിൽ അധിഷ്ഠിതമായ നവഭാരതം സൃഷ്ടിക്കണം: മന്ത്രി ഡോ. ആർ ബിന്ദു

തൃശ്ശൂർ: സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത നിർമ്മിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്ത് അന്ധവിശ്വാസങ്ങളും കാലഹരണപ്പെട്ട ആചാരങ്ങളും തിരിച്ചുകൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നതിലുപരി ശാസ്ത്രീയചിന്തയോടെയും യുക്തി ബോധത്തോടെയും വൈജ്ഞാനിക അന്വേഷണങ്ങളുടെ വേഗത വർദ്ധിപ്പിച്ച് സമത്വത്തിലും തുല്യതയിലും ഊന്നിയ സമൂഹം കെട്ടിപ്പടുക്കുന്നതിന് ഒന്നിച്ച് കൈകോർക്കേണ്ടത് അനിവാര്യതയാണ്. വർഗീയതയുടെയും വിഘടന വാദത്തിന്റെയും വംശീയതയുടെയും വിത്തുകൾ വിതച്ചുകൊണ്ട് ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്ന പ്രവണതകൾക്കെതിരെ മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ച് നേരിടണമെന്നും മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.

അഹിംസയിൽ അടിയുറച്ചു നിന്ന് സമാനതകളില്ലാത്ത സമരാനുഭവങ്ങളാണ് ലോക ചരിത്രത്തിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനം രേഖപ്പെടുത്തിയത്. വ്യത്യസ്ത സാംസ്കാരിക സവിശേഷതകലുള്ള പ്രദേശങ്ങളെ കൂട്ടിയിണക്കി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നേടിയെടുത്ത സ്വാതന്ത്ര്യ പ്രതീക്ഷകൾ കോട്ടം തട്ടാതെ മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കണം. ബൃഹത്തായ സാംസ്കാരിക വൈജാത്യം എന്ന നിലയിൽ ഇന്ത്യയുടെ നാനാത്വത്തിൽ അധിഷ്ഠിതമായ ഏകത്വത്തെ സംരക്ഷിക്കാൻ, അനന്ത വൈവിധ്യങ്ങളെ പരിപാലിക്കാൻ, ബഹുസ്വരതയെ നിലനിർത്തി മുന്നോട്ടുപോകാൻ ഓരോ സ്വാതന്ത്ര്യ ദിനത്തിലും ദൃഢപ്രതിജ്ഞ എടുക്കേണ്ടത് അനിവാര്യമാണ്. സമാനതകളില്ലാത്ത ലോകശ്രദ്ധ മുഴുവൻ ആകർഷിച്ച അഹിംസയിൽ അടിയുറച്ച ജനാധിപത്യ ബോധം വരുംതലമുറയ്ക്ക് കൈമാറേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. രാജ്യത്തിന്റെ സാമൂഹിക- സാംസ്കാരിക വ്യത്യസ്തതകളെ കൂട്ടിയിണക്കി ആവിഷ്കരിച്ച് നേടിയെടുത്ത സ്വാതന്ത്ര്യം അമൂല്യമായി സംരക്ഷിക്കപ്പെടണം. ജനാധിപത്യത്തിന്റെയും സോഷ്യലിസ്യത്തിന്റെയും അമരമായ അനുഭവങ്ങൾ ശാശ്വതീകരിക്കേണ്ടതുണ്ട്. രാഷ്ട്രപിതാവ് ആഹ്വാനിച്ചത് അനുസരിച്ച് ഓരോ പ്രവർത്തി ചെയ്യുമ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും എത്തിച്ചു ശാക്തീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. മൈതാനത്തെത്തിയ മന്ത്രിയെ ജില്ലാ കലക്ടര്‍ അർജുൻ പാണ്ഡ്യൻ സ്വീകരിച്ചു. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എസ് പി സി, എന്‍ സി സി ഉള്‍പ്പെടെ 20 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. തൃശൂർ സെന്റ് ആന്‍സ് കോണ്‍വെന്റ്, കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ബാന്‍ഡ് പ്ലറ്റൂണുകൾ പരേഡിന് മികവേകി.

ചേലക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ സതീഷ് കുമാർ പരേഡ് നയിച്ചു. ഡി എച്ച് ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ പി വി ശിവശങ്കരനായിരുന്നു സെക്കന്റ് ഇന്‍ കമാന്റ്. മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകള്‍ക്ക് മന്ത്രി മൊമെന്റോ സമ്മാനിച്ചു. സായുധസേനാ പതാക നിധിയിലേക്ക് കൂടുതൽ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനമായ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാളിനും വിദ്യാഭ്യാസേതര സ്ഥാപനമായ തൃശൂർ 24 കേരള ബറ്റാലിയൻ എൻ സി സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ് കേണൽ എം ടി ബ്രിജേഷിനും റോളിംഗ് ട്രോഫികളും മന്ത്രി സമ്മാനിച്ചു. തുടര്‍ന്ന് ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടവും പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പി ബാലചന്ദ്രൻ എം എൽ എ, മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിന്‍സ്, സിറ്റി ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ, റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ്മ, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ അതുൽ സാഗർ, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

മികച്ച പ്ലറ്റൂണുകള്‍

സര്‍വ്വീസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഡെപ്യൂട്ടി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി പി സാജന്‍ പ്രഭാശങ്കര്‍ നയിച്ച കേരള ഫോറസ്റ്റ് ഡിവിഷന്റെ പ്ലാട്ടൂണിന് ഒന്നാം സ്ഥാനം ലഭിച്ചു. റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ കെ ഗിരീഷ്‌കുമാര്‍ നയിച്ച നയിച്ച ഡി എച്ച് ക്യൂ ക്യാമ്പ് പ്ലട്ടൂണ്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സീനിയര്‍ എന്‍ സി സി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കമ്പനി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ജസ്വല്‍ മേജോ നയിച്ച തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍ എംടിഐ കോളേജ്, അച്യുതമേനോന്‍ കോളേജ് എന്നിവയുടെ 23-ാം കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ബോയ്സ് പ്ലറ്റൂണ്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം കമ്പനി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ പി ജെ അഭിനവ് നയിച്ച ശ്രീ കേരളവര്‍മ കോളജിന്റെ 24-ാം കേരള ബറ്റാലിയന്‍ എന്‍ സി സി സീനിയര്‍ ബോയ്സ് പ്ലറ്റൂണ്‍ കരസ്ഥമാക്കി.

എന്‍സിസി സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഷംന ജാസ്മിന്‍ നയിച്ച തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിന്റെയും തൃശ്ശൂര്‍ വിമല കോളേജിന്റെയും 7-ാം കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ഗേള്‍സ് പ്ലറ്റൂണ്‍ ഒന്നാം സ്ഥാനവും സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അനന്യ നയിച്ച കേരള വര്‍മ്മ കോളേജിന്റെ ഏഴാം കേരള ബറ്റാലിയന്‍ എന്‍ സി സി സീനിയര്‍ ഗേള്‍സ് പ്ലറ്റൂണ്‍ രണ്ടാം സ്ഥാനവും ജൂനിയര്‍ അണ്ടര്‍ ഓഫീസര്‍ ടി വി വിസ്മയ നയിച്ച നെടുപുഴ വനിതാ പോളിടെക്‌നിക്ക് കോളേജിന്റെ 7-ാം കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ഗേള്‍സ് പ്ലാറ്റൂണ്‍ മൂന്നാം സ്ഥാനവും നേടി.

ജൂനിയര്‍ എന്‍ സി സി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കമ്പനി സര്‍ജന്റ് ഹരികൃഷ്ണന്‍ നയിച്ച പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം സ്‌കൂളിന്റെ 24-ാം കേരള ബറ്റാലിയന്‍ എന്‍ സി സി ജൂനിയര്‍ ബോയ്‌സ് പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനവും കമ്പനി സര്‍ജന്റ് ടി എസ് അഭിനവ് നയിച്ച തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് ഹയര്‍സെക്കണ്ടറി സ്‌കൂലിന്റെ 23-ാം കേരള ബറ്റാലിയന്‍ എന്‍സിസി ജൂനിയര്‍ പ്ലാറ്റൂണ്‍ രണ്ടാം സ്ഥാനവും നേടി. ലാന്‍സ് കോര്‍പ്പറല്‍ എമില്‍ മരിയ നയിച്ച തൃശ്ശൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിന്റെ 7-ാം കേരള ബറ്റാലിയന്‍ എന്‍സിസി ജൂനിയര്‍ ഗേള്‍സ് പ്ലാട്ടൂണിന് കണ്‍സോലേഷന്‍ പ്രൈസും ലഭിച്ചു.

എസ് പി സി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഭരത് ശങ്കര്‍ മേനോന്‍ നയിച്ച പനങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി ബോയ്സ് പ്ലറ്റൂണും രണ്ടാം സ്ഥാനം ഹരി സന്തോഷ് നയിച്ച വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ സിറ്റി ബോയ്സ് പ്ലറ്റൂണിനും ലഭിച്ചു. എസ് പി സി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം അനന്യ ലാജേഷ് നയിച്ച എടത്തിരിഞ്ഞി ഹിന്ദു ധര്‍മ്മ പ്രകാശിനി ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ എസ് പി സി റൂറല്‍ ഗേള്‍സ് പ്ലറ്റൂണും രണ്ടാം സ്ഥാനം ആര്യ ബിനു നയിച്ച പട്ടിക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ എസ്പിസി സിറ്റി ഗേള്‍സ് പ്ലറ്റൂണും അര്‍ഹരായി.

ബാന്റ് പ്ലാറ്റൂണില്‍ നൈവിഗ നയിച്ച തൃശ്ശൂര്‍ സെന്റ് ആന്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ബാന്റ് പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനവും വൈഷ്ണവി നയിച്ച കുരിയച്ചിറ സെന്റ് ജോസഫ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ബാന്റ് പ്ലാറ്റൂണ്‍ രണ്ടാം സ്ഥാനവും നേടി. ചടങ്ങില്‍ സായുധ സേനാ പതാക നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുള്ള റോളിംഗ് ട്രോഫി പുറനാട്ടുകര കേന്ദ്രീയ വിദ്യാലയവും തൃശ്ശൂര്‍ 24 കേരള ബറ്റാലിയന്‍ എന്‍സിസിയും കരസ്ഥമാക്കി.