GeneralKERALAMTHRISSUR

സ്വാതന്ത്ര്യ ദിനാഘോഷം; ആലോചനാ യോഗം ചേര്‍ന്നു

തൃശ്ശൂർ: ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി തേക്കിന്‍ക്കാട് മൈതാനത്ത് വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കും. എ.ഡി.എം ടി. മുരളിയുടെ അധ്യക്ഷതയില്‍ സ്വാതന്ത്ര്യദിനാഘോഷം മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലോചനാ യോഗം ചേര്‍ന്നു. പരേഡ് പരിശീലനം ഓഗസ്റ്റ് എട്ട്, ഒമ്പത്, 11, 12 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും. പരിശീലന സമയത്തും സ്വാതന്ത്ര്യദിനത്തിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം ഉറപ്പാക്കും. പരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും. ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിക്കും. പരിപാടിയുടെ നടത്തിപ്പിന് എ.ഡി.എം നോഡല്‍ ഓഫീസറായി സബ് കമ്മിറ്റി രൂപീകരിച്ചു. കളക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.