General

കേരള അസോസിയേഷന്‍ കുവൈറ്റ് ‘നോട്ടം’ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 6- ന്

കുവൈറ്റ് : കേരള അസോസിയേഷന്‍ കുവൈറ്റ് കണിയാപുരം രാമചന്ദ്രന്‍ സ്മാരക 11-മത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘നോട്ടം-2024’ ഡിസംബര്‍ 6 ന് നടക്കും . വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണിമുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് ഫെസ്റ്റിവല്‍, പ്രവേശനം തികച്ചും സൗജന്യമാണ് .
മലയാള സിനിമയില്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നിവയില്‍ തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയ വിഷ്ണു ഉണ്ണികൃഷ്ണന് കണിയാപുരം രാമചന്ദ്രൻ സ്മാരക ‘യുവ പ്രതിഭ പുരസ്‌കാരം’ നല്‍കി ആദരിക്കും. പ്രശസ്തി പത്രവും, ഫലകവും, ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത സിനിമ നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, സിനിമ സംവിധായകരായ വി.സി.അഭിലാഷ് ,ഡോണ്‍ പാലത്തറ എന്നിവരാണ് നോട്ടം ജൂറി അംഗങ്ങള്‍.
പതിനൊന്നു ഹ്രസ്വ സിനിമകളുമായ്‌ 2013 ൽ ആരംഭിച്ചതാണ് നോട്ടം ഫിലിം ഫെസ്റ്റിവൽ. ഇത്തവണ 32 സിനിമകൾ ആണ് മത്സര വിഭാഗത്തിൽ ഉള്ളത്. പ്രദർശന വിഭാഗം സിനിമ, മത്സര വിഭാഗം സിനിമ, ഓപ്പൺ ഫോറം എന്നിങ്ങിനെയായാണ് മേളയെ തരം തിരിച്ചിരിക്കുന്നത്.
ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസി സിനിമ, മികച്ച പ്രേക്ഷക സിനിമ, മികച്ച സ്റ്റുഡന്റ ഫിലിം കൂടാതെ വ്യകതിഗതമായ 10 പുരസ്‌കാരങ്ങൾ എന്നിവ നൽകും. ഫിലിം ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് സിനിമ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കായി ഡിസംബർ 7 ന് വൈകീട്ട് 6 മണിക്ക് മെട്രോ ഹെഡ് ഓഫീസ് ഹാളിൽ ജൂറി അംഗങ്ങൾ നയിക്കുന്ന ടെക്നിക്കൽ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നോട്ടത്തിൽ പങ്കെടുത്ത സിനിമകളിൽ നിന്ന് മൂന്ന്പേർക്ക് അതിൽ പങ്കെടുക്കാവുന്നതാണ്. വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രെജിസ്ട്രേഷന് സംഘടകരെ 55831679,99647998,63336967,9975 3705, 69064246 എന്നീ നമ്പറിൽ സമീപിക്കേണ്ടതാണ്.
കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട്, പ്രസിഡന്റ്‌ ബേബി ഔസേഫ്, വൈസ് പ്രസിഡണ്ട് മഞ്ജു, എക്സിക്യൂട്ടീവ് അംഗം ഷംനാദ് തോട്ടത്തിൽ, ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ഫെസ്റ്റിവൽ കൺവീനർമാരായ ബിവിൻ തോമസ്, അനിൽ കെ ജി, ലോക കേരള സഭ അംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻ, ശ്രീംലാൽ, ഷാജി രഘുവരൻ, ബൈജു തോമസ് എന്നിവർ പങ്കെടുത്തു.