സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ ജീർണ്ണത കേരളം അഭിമുഖീകരിക്കുന്നു ; ബാലചന്ദ്രൻ വടക്കേടത്ത്
തൃപ്രയാർ: ചലച്ചിത്ര രംഗത്തെ ജീർണ്ണതകൾക്കെതിരെ സാംസ്കാരിക നായകന്മാർ പ്രതികരിക്കാത്തത് എന്ത് കൊണ്ട് എന്ന് ബാലചന്ദ്രൻ വടക്കേടത്ത് ചോദിച്ചു. കേരളത്തിൽ ഏറ്റവും മോശമായ സാംസ്കാരിക അനുഭവമാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്നത്. സിനിമ മേഖലയിലെ ജീർണ്ണതകളെ സംരക്ഷിക്കുന്ന രാഷ്ട്രീയം ആപത്കരമാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കേ ഇന്ത്യയിൽ സ്ത്രീ പീഡനം നടക്കുമ്പോൾ ഇവിടെ ജാഥ നയിക്കുന്ന രാഷ്ട്രിയക്കാർ ഈ ജീർണ്ണതക്കെതിരെ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്ന വിമർശനവും അദ്ധേഹം ഉയർത്തി.
കഴിമ്പ്രം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ട. അധ്യാപകരായ കെ.വി. മോഹനൻ മാസ്റ്ററുടേയും വി.എസ് അനഘ ടീച്ചറുടേയും മകളുമായ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സിജി വൈലോപ്പുള്ളി എഴുതിയ ആദ്യ കഥാസമാഹാരം പൂതപ്പാടിന്റെ പ്രകാശന വേളയിൽ ആണ് ബാലചന്ദ്രൻ വടക്കേടത്ത് സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ഇരട്ടതാപ്പുകൾ ചൂണ്ടി കാട്ടിയത് . സിജി വൈലോപ്പുള്ളിയുടെ മാതൃ വിദ്യാലയമായ കഴിമ്പ്രം സ്കൂളിൽ നടന്ന ചടങ്ങിൽ അശോകൻ ചരുവിൽ പൂതപ്പാട് പ്രകാശനം ചെയ്തു, കെ. വി. മണികണ്ഠൻ പുസ്തകം ഏറ്റു വാങ്ങി. പുസ്‌തക പരിചയം ഡോ. കെ. എസ്. കൃഷ്‌ണകുമാർ നിർവ്വഹിച്ചു. കെ.എസ്. സജിൻ, സേവ്യാഭിരാമൻ വി.ജി, റഹ്മാൻ കിടങ്ങയം, സുനിൽ വേളേക്കാട്ട്, ഡോ.കെ. ജി. ശിവലാൽ, റഫീഖ് പന്നിയങ്കര , ചിദംബരൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, ഹനീഷ് കുമാർ ടി.പി, വി. എസ് ദിലീപ് എന്നിവർ സംസാരിച്ചു. സിജി വൈലോപ്പുള്ളി സദസ്സിന് അഭിവാദനം ചെയ്ത് സംസാരിച്ചു. കെ. വി. മോഹനൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.