General

മയക്കുമരുന്നിനെതിരേ ജനകീയ പ്രതിരോധം തീർക്കണം – രമേശ് ചെന്നിത്തല

തൃശൂർ: സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരികൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കണം എന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ‘പ്രൗഢ് കേരള’ സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ദേവമാത സി.എം. ഐ. പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ലഹരിമുക്ത കേരളം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ, രമേശ് ചെന്നിത്തല കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്ക് എതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്താനും, സമൂഹം മുഴുവനും ഇതിനെതിരായ ധാർമ്മികബോധം പ്രചരിപ്പിക്കാനും സമയമായതായി അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രോഗ്രാമിൽ പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണു ഗോപാൽ അധ്യക്ഷത വഹിച്ചു. ഇന്ത്യ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ, പത്മശ്രീ ജേതാവ് ഐ.എം. വിജയൻ മുഖ്യാതിഥിയായിരുന്നു. ഐ.എം. വിജയനെ രമേശ് ചെന്നിത്തല ഉപഹാരം നൽകി ആദരിച്ചു.
മുൻ എം.എൽ.എ. ടി.വി. ചന്ദ്രമോഹൻ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോസഫ് ടാജറ്റ്, ഫാ. ജോർജ് തോട്ടാൻ, പ്രിൻസിപ്പൽ ഫാ. ജോയ്സ് എലവത്തിങ്കൽ, പ്രൗഡ് കേരള കോ-ഓർഡിനേറ്റർ എൻ.പി.രാമചന്ദ്രൻ, എ. സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.