ഹിറ്റ് സിനിമകളുടെ നിർമാതാവ് പി വി ഗംഗാധരൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ വ്യവസായിയും ചലചിത്ര നിർമ്മാതാവുമായ പി വി ഗംഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ എന്ന ബാനറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, വാര്‍ത്ത, അഹിംസ, അച്ചുവിന്‍റെ അമ്മ എന്നിങ്ങനെ ആ നിര നീളുന്നു. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നിരവധി സിനിമകളുടെ നിർമാതാവാണ്. ഹരിഹരൻ സംവിധാനം ചെയ്ത സുജാതയാണ് ആദ്യ സിനിമ.
സംവിധായകൻ ഐവിശശിയുടെ ശ്രദ്ധേയമായ ചല ചിത്രങ്ങളും നിര്‍മ്മിച്ചത് പിവി ഗംഗാധരനായിരുന്നു. സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു ഏവരും സ്‌നേഹപൂര്‍വ്വം പി.വി.ജി എന്ന് വിളിച്ചിരുന്ന പിവി ഗംഗാധരന്‍.
ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിര്‍ന്ന താരങ്ങളുടേയും സംവിധായകരുടേയും തുടക്കകാലത്ത് ഹിറ്റുകള്‍ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിര്‍മാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡന്റായിരുന്നു.
1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിർമാണരംഗത്തേക്കെത്തിയത്. ജയൻ നായകനായ ഐ വി ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ മുൻനിരയിലുണ്ട്. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയെടുത്താൽ മുന്നിൽത്തന്നെയുണ്ട് വടക്കൻ വീരഗാഥയുടെ സ്ഥാനം. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
1961-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം 2005 മുതല്‍ എഐസിസി അംഗമായിരുന്നു. 2011ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മത്സരിച്ചു. കെടിസി ഗ്രൂപ്പ് സ്ഥാപകൻ പി വി സാമിയുടെയും മാധവി സാമിയുടെയും മകനായി കോഴിക്കോട് ജില്ലയിൽ 1943-ലാണ് പി വി ഗംഗാധരൻ ജനിച്ചത്. വ്യാപാരപ്രമുഖനും മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പിവി ചന്ദ്രൻ മൂത്ത സഹോദരനാണ്. മാതൃഭൂമി മുൻ അഡ്വ ജനറൽ രത്നസിങ്ങിന്റെ മകൾ ഷെറിൻ ആണ് ഭാര്യ. ഉയരെ, ജാനകി ജാനെ തുടങ്ങിയ സിനിമകൾ നിർമിച്ച എസ് ക്യൂബ് സിനിമാസിന്റെ സ്ഥാപകരായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് മക്കൾ.