വോട്ടെണ്ണല്‍ കേന്ദ്ര പരിധിയില്‍ നിരോധനാജ്ഞ
ജൂണ്‍ നാല് പുലര്‍ച്ചെ 5 മുതല്‍ വൈകിട്ട് 7 വരെ
തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി ജൂണ്‍ നാല് പുലര്‍ച്ചെ 5 മുതല്‍ വൈകിട്ട് 7 വരെ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് 100 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി.ആര്‍ കൃഷ്ണതേജ ഉത്തരവിട്ടു. 2011 ലെ പൊലീസ് ആക്ട് ചട്ടം 81 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ സമയത്ത് വോട്ടെണ്ണല്‍ കേന്ദ്രത്തിന് 100 മീറ്റര്‍ പരിധിയില്‍ താഴെ പറയുന്ന പ്രവൃത്തികള്‍ അനുവദിക്കില്ല.
നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുയോഗം/ റാലികള്‍.
ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണികള്‍.
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുടെ പ്രദര്‍ശനം, അഭിപ്രായസര്‍വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് സര്‍വേകളുടെയോ സംപ്രേഷണം.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, ക്രമസമാധാന പാലന ചുമതലയുള്ളവര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ സെല്ലുലാര്‍, കോര്‍ഡ് ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 200 മീറ്റര്‍ പരിധിയില്‍ രാഷ്ട്രീയപാര്‍ട്ടികളോ മറ്റും ബൂത്തുകള്‍ സജ്ജീകരിക്കല്‍.
ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 ബി പ്രകാരം ആയുധം കൈവശം വെയ്ക്കാന്‍ അനുമതിയുള്ളതില്‍ ഒഴികെയുള്ളവര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദര്‍ശിപ്പിക്കല്‍, കൈവശം വെയ്ക്കല്‍.
ഷോപ്പിങ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം/ മരണം പോലുള്ള ചടങ്ങുകള്‍, സ്വകാര്യ പരിപാടികള്‍ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്ക് ഉത്തരവ് ബാധകമല്ല. അവശ്യസേവന വിഭാഗം ജീവനക്കാര്‍, ക്രമസമാധാന ജോലിയുള്ളവര്‍ എന്നിവര്‍ക്കും നിരോധനം ബാധകമല്ലന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.