GeneralKERALAMTHRISSUR

മഴക്കെടുതി അവലോകന യോഗം ചേര്‍ന്നു; ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഇന്നും ഉണ്ടാകും

തൃശൂർ: അപകടമേഖലയിലുള്ളവരെ മുന്‍കൂട്ടി തന്നെ ക്യാമ്പുകളിലേക്ക് മാറ്റുന്ന നടപടി നടന്നുവരുന്നതായും അടിസ്ഥാന സൗകര്യം ഉറപ്പാക്കിയതായും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിൻ്റെ അടിസ്ഥാനത്തില്‍ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മന്ത്രിയുടെ അധ്യക്ഷതയില്‍ മഴക്കെടുതി ഓൺലൈൻ അവലോകന യോഗം ചേര്‍ന്നു. ഇറിഗേഷന്‍ വകുപ്പിൻ്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. മണലിപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപെട്ട മുകുന്ദപുരം താലൂക്കിലെ നെന്മണിക്കര വില്ലേജില്‍ പുലക്കാട്ടുകരയിലെ 11 കുടുംബങ്ങളെ എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ച് രക്ഷപ്പെടുത്തി. ചാഴൂര്‍ പഞ്ചായത്തിലെ കമാൻ്റോമുഖം സ്ലുയിസ് തകര്‍ന്നതിനെ തുടര്‍ന്ന് സമീപത്തുള്ള കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും രണ്ടുദിവസം കൂടി നിരോധനം ഏര്‍പ്പെടുത്തി. അതിരപ്പള്ളി മലക്കപ്പാറ റോഡിലൂടെയുള്ള രാത്രികാലങ്ങളില്‍ ഉള്‍പ്പെടെയുള്ള യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

ജില്ലയ്ക്ക് പുറത്തു നിന്നും, തമിഴ്‌നാട് ഡാമുകളില്‍ ഉള്‍പ്പെടെ നിന്നുമുള്ള വെള്ളം വരുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ കൃത്യമായ മുന്നറിയിപ്പ് നല്‍കണം. ദേശീയപാത നിര്‍മാണം മൂലം ഉണ്ടായ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കി. ചളിവെള്ളം കലര്‍ന്നതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പമ്പിങ് നിര്‍ത്തിയത് അടിയന്തരമായി പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. ജലാശയങ്ങളില്‍ അടിഞ്ഞുകൂടിയ കുളവാഴ, ചണ്ടികള്‍ ശേഖരിക്കുന്നതിന് പുറമെ ഇവ നീക്കുന്നതിനു നടപടി സ്വീകരിക്കണം. കൃഷിനാശവുമായി ബന്ധപ്പെട്ട കൃത്യമായ നാശനഷ്ട വിവരങ്ങള്‍ സമയബന്ധിതമായി കണക്കാക്കണം. വടക്കാഞ്ചേരിയിലെ വാഴാനി, തലപ്പിള്ളിയിലെ മച്ചാട്, അകമല വനമേഖലയില്‍ ഡിഡിഎഫ്ഒയുടെ നേതൃത്വത്തില്‍ പരിശോധന നടത്തണം. ഇല്ലിക്കല്‍ ഷട്ടറിലെ തടസം നീക്കുക്കുന്നതിന് കൂടുതല്‍ ജോലിക്കാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എടത്തുരുത്തി പഞ്ചായത്തില്‍ തകര്‍ന്ന പൈപ്പ് ലൈന്‍ ഉടന്‍ പുനസ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ നിലവില്‍ ഡാമുകളില്‍ നിന്നുള്ള ജലമൊഴുക്ക് നിയന്ത്രിത അളവില്‍ എത്തിയതായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. പൊതുവേ മഴ കുറഞ്ഞ സാഹചര്യത്തില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍കുത്ത് എന്നിവിടങ്ങളില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിൻ്റെ അളവ് നിയന്ത്രിച്ചിട്ടുണ്ട്.

ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ എം.എല്‍.എമാരായ എന്‍. കെ അക്ബര്‍, മുരളി പെരുനെല്ലി, വി ആര്‍ സുനില്‍കുമാര്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, സനീഷ് കുമാര്‍ ജോസഫ്, കെ കെ രാമചന്ദ്രന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിന്‍സ്, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എഡിഎം ടി മുരളി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.