മഴക്കാലപൂർവ്വ ശുചീകരണത്തിന് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഇളവ് നൽകുമെന്ന് ജില്ലാ കളക്ടർ
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിനായി അപേക്ഷ നൽകിയാൽ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരിധിയിൽ ഇളവ് നൽകുമെന്ന് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ അറിയിച്ചു. കളക്ട്രേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ ചേർന്ന് ജില്ലാതല നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വാർഡ്തല സാനിട്ടേഷൻ സമിതിയുടെ നേതൃത്വത്തിലായിരിക്കും പകർച്ചവ്യാധി നിയന്ത്രണ – മാലിന്യ സംസ്കരണ പ്രവർത്തനം നടത്തേണ്ടത്. ഭൂരിഭാഗം തദ്ദേശഭരണ സ്ഥാപനങ്ങളിലും യോഗം ചേർന്ന് കഴിഞ്ഞതായി എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ യോഗത്തെ അറിയിച്ചു. ബാക്കിയുള്ളവർ 10 ന് യോഗം ചേർന്ന് മെയ് 15നകം കർമ്മപദ്ധതി പ്രഖ്യപിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
അപകടാവസ്ഥയിലായ മരങ്ങൾ ട്രീ കമ്മറ്റി കണ്ടെത്തി വെട്ടി നീക്കും. വൈദ്യുതി കമ്പിയിലേക്ക് മുട്ടി നിൽക്കുന്ന മര ശിഖരങ്ങൾ മുറിച്ചു മാറ്റുന്നത് മെയ് 20 ന് പൂർത്തിയാക്കും. കെ എസ് ഇ ബിയുടെ ഉപയോഗ രഹിതമായ ഉപകരണങ്ങൾ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യും. ജലസേചന വകുപ്പിലെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി. ഊരുകളിലെ അപകട സാധ്യതകൾ പിന്നാക്ക – വനം വകുപ്പുകൾ കണ്ടെത്തി റിപ്പോർട്ട് നൽകണം. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരം ജില്ലാ ദുരന്ത പ്രതിരോധ സമിതിയ്ക്ക് കൈമാറാനും ജില്ലാ കളക്ടർ മണ്ണുസംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടു. എ ഡി എം, ടി മുരളി, എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ ഷഫീഖ് പി.എം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.