GeneralKERALAMLatestTHRISSUR

കാലവര്‍ഷം; പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ദുരന്തസാധ്യത ഒഴിവാക്കുന്നതിന് താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

  • കേരള തീരത്ത് ഓഗസറ്റ് രണ്ടുമുതല്‍ രാത്രി 11.30 വരെ 1.8 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ള അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  • മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കുകയും മല്‍സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമാക്കുകയും ചെയ്യും.
  • ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
  • നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
  • അതിശക്തമായ മഴ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലിനും കാരണമായതിനാല്‍ മലയോരങ്ങളിലെ ജലാശയങ്ങളില്‍ ഇറങ്ങരുത്.
  • അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി സുരക്ഷിത മേഖലകളില്‍ തുടരുക.
  • ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. അതിരപ്പിള്ളി -മലക്കപ്പാറ വഴിയുള്ള രാത്രി ഗതാഗതവും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
  • ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. പകല്‍ സമയത്ത് തന്നെ ഇതിന് തയ്യാറാവണം.
  • സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
  • ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് മുന്‍കരുതലിൻ്റെ ഭാഗമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
  • സ്വകാര്യ – പൊതുയിടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും വേണം. അപകടകരമായവ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തം.
  • ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്.
  • മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേര്‍ന്ന റോഡുകള്‍, അറ്റകുറ്റപണികള്‍ നടക്കുന്ന റോഡുകള്‍ എന്നിവയിലൂടെയുള്ള യാത്രകളില്‍ അതീവ ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുമ്പോള്‍ റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയേറെയാണ്.
  • ദുരന്ത സാധ്യതാ മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കണം. ഇതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.
  • ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.
  • മൂന്നു ദിവസമായി ജില്ലയില്‍ അതിശക്തമായ മഴ ലഭിച്ചതിനാലും ഇപ്പോഴും മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
  • വൈദ്യതി ലൈനുകള്‍ പൊട്ടി വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ഇടവഴികളിലെയും നടപ്പാതകളിലെയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്നേ അപകട സാധ്യത ഇല്ലെന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകടസാധ്യത ശ്രദ്ധയില്‍െപ്പട്ടാല്‍ 1912 എന്ന നമ്പറില്‍ കെ.എസ്.ഇ.ബിയെ അറിയിക്കുക.