GeneralTHRISSUR

കാലിക്കറ്റ് സര്‍വകലാശാല വലപ്പാട് ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ കെട്ടിടം സമര്‍പ്പിച്ചു

ഭാവിതലമുറയെ നിര്‍ണായക രീതിയില്‍ രൂപീകരിക്കേണ്ട പ്രധാന ഉത്തരവാദിത്വം അധ്യാപകര്‍ക്കാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. കാലിക്കറ്റ് സര്‍വകലാശാലയുടെ വലപ്പാട് ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ ഒന്നാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭാവി അധ്യാപകര്‍ വീക്ഷണത്തിലും സമീപനത്തിലും നിലപാടിലും വൈജ്ഞാനിക അന്വേഷണത്തിന്റെ രീതികളും ശാസ്ത്രീയ കാഴ്ചപാടുകളും ദിശാബോധത്തോടെ രൂപീകരിക്കപ്പെടേണ്ടത് അനിവാര്യമാണ്. സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ കര്‍തൃത്വശേഷി വിനിയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് നാല് വര്‍ഷ ബിരുദ കരിക്കുലം ഉള്‍പ്പെടെ തയ്യാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. 2.80 കോടി രൂപ ചെലവില്‍ നിലവിലുള്ള കെട്ടിടത്തിലാണ് ഒരു നില കൂടി ഓഡിറ്റോറിയം ഉള്‍പ്പെടെ സാധ്യമാക്കിയത്. പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. എം.കെ ജയരാജ് അധ്യക്ഷനായി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. കാവുഭായി ബാലകൃഷ്ണന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജുല അര്‍ജുനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ആര്‍ ഷൈന്‍ വികസന സമിതി എക്‌സി. അംഗം ആര്‍.എം മനാഫ്, പ്രിന്‍സിപ്പാള്‍ ഡോ. പി.കെ തങ്കം തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍ ജയന്‍ പാടശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.