ഫോബ്സിന്റെ പട്ടികയിൽ ഏറ്റവും സമ്പത്തുള്ള മലയാളി ലുലുഗ്രൂപ്പ് ചെയർമാൻ യൂസഫലി; രാജ്യത്തെ സമ്പന്ന പട്ടികയിൽ യൂസഫലിക്ക് റാങ്ക്- 27
ഫോബ്സിന്റെ സമ്പന്നരായ മലയാളികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. 59000 കോടിയാണ് ഫോബ്സിന്റെ കണക്ക് പ്രകാരം യൂസഫലിയുടെ ആസ്തി. സമ്പന്ന ഇന്ത്യക്കാരുടെ ലിസ്റ്റിൽ കഴിഞ്ഞ വർഷം 35-ാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ 27-ാം സ്ഥാനത്താണ്.
ജോയ് ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാമതുള്ളത്. 36000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലാണ് മൂന്നാം സ്ഥാനത്ത്.
അതേസമയം, മുൻ വർഷങ്ങളിൽ പട്ടികയിലിടം പിടിച്ച ബൈജു രവീന്ദ്രൻ ഇക്കുറി പട്ടികയിൽ നിന്ന് പുറത്തായി. എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ മൂല്യത്തിൽ വന്ന കുറവാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായായത്. എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനാും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ ഒരുകാലത്ത് ഇന്ത്യയുടെ സ്റ്റാർട്ട്-അപ്പ് മേഖലയിലെ പ്രിയങ്കരനായിരുന്നു. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കമ്പനിയുടെ മൂല്യത്തെ ബാധിച്ചു.
ഇന്ത്യൻ സമ്പന്നരുടെ കാര്യമെടുക്കുമ്പോൾ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി. 7.6 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയെയാണ് മുകേഷ് അംബാനി പിന്നിലാക്കിയിരിക്കുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി കുത്തനെ ഇടിഞ്ഞിരുന്നു. നിലവിൽ 5.6 ലക്ഷം കോടിയാണ് അദാനിയുടെ ആസ്തി.
ഹുറുൺ ഇന്ത്യ സമ്പന്ന പട്ടിക പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഫോർബ്സ് സമ്പന്ന പട്ടിക പുറത്തുവിട്ടത്. ഹുറൂണിന്റെ പട്ടികയിലും മുകേഷ് അംബാനിയാണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. മലയാളികളിൽ യൂസഫലി ഒന്നാം സ്ഥാനത്തും ഷംഷീർ വയലിൽ രണ്ടാം സ്ഥാനത്തുമാണ്.