INTERNATIONAL

തായ്‌വാനെ പിടിച്ചുലച്ച് ശക്തമായ ഭൂകമ്പം

തായ്‌വാൻ: തായ്‌വാനിലെ കിഴക്കൻ തീരത്ത് ബുധനാഴ്ച 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ നാല് പേർ കൊല്ലപ്പെടുകയും 98 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . കെട്ടിടങ്ങൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചതായി തായ്‌പേയ് ആസ്ഥാനമായുള്ള സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹുവാലിയൻ കൗണ്ടി ഹാളിൽ നിന്ന് 25 കിലോമീറ്റർ തെക്ക്-കിഴക്കായി, പസഫിക് സമുദ്രത്തിൽ 15.5 കിലോമീറ്റർ ആഴത്തിൽ ആണ് പ്രഭവ കേന്ദ്രമെന്ന് സെൻട്രൽ വെതർ അഡ്മിനിസ്‌ട്രേഷൻ കേന്ദ്രം അറിയിച്ചു. ശക്തമായ ഭൂചലനം തീരത്ത് ജലനിരപ്പിൽ വ്യതിയാനം വരുത്തിയതായി കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.
ഹുവാലിയനിൽ നിന്ന് 170 കിലോമീറ്റർ വടക്ക് തലസ്ഥാനമായ തായ്‌പേയിലും ഭൂചലനം അനുഭവപ്പെട്ടു. 1999-ൽ 2000-ലധികം പേരുടെ മരണത്തിനിടയാക്കിയ റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം തായ്‌വാനിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ബുധനാഴ്ചയുണ്ടായതെന്ന് റിപ്പോർട്ട് പറയുന്നു.