കുവൈറ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം
കുവൈറ്റ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി ജയശങ്കർ ഉൾപ്പെടെയുള്ള ഉന്നത പ്രതിനിധി സംഘവും രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രാദേശിക സമയം രാവിലെ 11:30-ന് കുവൈറ്റിൽ എത്തി . കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

കുവൈറ്റിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിലെ ഇന്ത്യൻ സമൂഹം ഊഷ്മളമായ സ്വീകരണം നൽകി. ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ, ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖർ, അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു. കുവൈറ്റിൽ കഴിയുന്ന ഇന്ത്യൻ നയതന്ത്രജ്ഞനും മുൻ ഐ എഫ് എസ് ഓഫീസറുമായ 101 വയസുള്ള മംഗൾ സെയ്ൻ ഹന്ദയെ പ്രധാന മന്ത്രി മോദി സന്ദർശിച്ചു. രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത കുവൈറ്റി സാഹിത്യകാരനും വിവര്‍ത്തകനുമായ അബ്ദുല്ല അൽ-ബറൂൺ, പ്രസാധകൻ അബ്ദുൾ ലത്തീഫ് അൽ-നിസഫ് എന്നിവരെ മോദി അഭിനന്ദിച്ചു. അറബി വിവർത്തനത്തിന്റെ ഓരോ കോപ്പികൾ വീതം ഇരുവരും പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇന്ത്യൻ തൊഴിലാളി ക്യാമ്പിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി തുടർന്ന് കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു . ഷെയ്ഖ് സാദ് അൽ സബാഹ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ പ്രവാസി സമൂഹ പ്രതിനിധികൾ, ബിസിനസ് രംഗത്തെ വ്യക്തിത്വങ്ങൾ , ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ, മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ള ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ കുറിച്ച് വലിയ മതിപ്പാണ് കുവൈറ്റ് നേതൃത്വം പങ്കുവെച്ചിട്ടുള്ളതെന്നും അഭിമാനകരമാണ് ഇതെന്നും അദ്ദേഹം സദസ്സിനെ അറിയിച്ചു. ഗ്രീൻ എനർജി, ഫാർമ, ഇളക്ട്രോണിക്, ഓട്ടോമൊബൈൽ, സെമി കണ്ടക്ടർ രംഗങ്ങളിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് മികച്ചതാണെന്നും. യുവാക്കളുടെ എണ്ണത്തിലും തൊഴിൽ നൈപുണ്യത്തിലും ഒന്നാം സ്ഥാനത്തായ ഇന്ത്യ ലോകത്തെ എല്ലാ വികസന പ്രവർത്തനങ്ങളിലും മാനുഷിക വിഭവശേഷി നല്കാൻ കഴിയുന്ന കാര്യത്തിലും മികച്ച സ്ഥാനത്താണെന്നത് അഭിമാനകരമായ കാര്യം ആണന്നും അദ്ദേഹം പറഞ്ഞു.
