KERALAMTHRISSUR

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനായിജില്ലയില്‍ 110 മാതൃക പദ്ധതികള്‍

തൃശ്ശൂര്‍: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ 110 മാതൃകാ പദ്ധതികള്‍ക്ക് തുടക്കമിടുന്നു. ജനകീയ ക്യാമ്പയിനിലൂടെ ജില്ലയുടെ സുസ്ഥിര ശുചിത്വത്തിനായി നാടാകെ ഒറ്റക്കെട്ടായി കൈകോര്‍ക്കുകയാണ്. ക്യാമ്പയിനിന്റെ ഭാഗമായി നിര്‍വഹണസമിതി രൂപീകരണ യോഗം ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വാര്‍ഡ്തല നിര്‍വ്വഹണസമിതി യോഗങ്ങള്‍ 1452 ഇടങ്ങളിലും പൂര്‍ത്തിയായി. എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ ജനകീയ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 10.30 ന് നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ നിര്‍വ്വഹിക്കും. ജില്ലാതല ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ പീച്ചി ഡാം, മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്-മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ച് എന്നിവയുടെ ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനം, ജില്ലയിലെ ഹരിത വിദ്യാലയം ഒന്നാം ഘട്ട പ്രഖ്യാപനം 469 വിദ്യാലയങ്ങള്‍ക്ക് എ, എ പ്ലസ് ഗ്രേഡ് നല്‍കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം, ജലഗുണത ലാബ് കിറ്റുകളുടെ രണ്ടാം ഘട്ട വിതരണം എന്നിവ നടക്കും.

ജില്ലയിലെ വിവിധ ഇടങ്ങളിലായി അന്നേദിവസം മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ വിവിധ പ്രവര്‍ത്തങ്ങള്‍ നടക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ഇന്‍സിനേറ്റര്‍ ഉദ്ഘാടനം, പാണഞ്ചേരിയില്‍ ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തന ഉദ്ഘാടനം, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളുടെ ഹരിത സ്ഥാപന പ്രഖ്യാപനം, പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ദേശീയപാത പരിസരത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജൈവവേലി സ്ഥാപിക്കല്‍, ചാലക്കുടി മുന്‍സിപ്പാലിറ്റിയില്‍ റിസോര്‍സ് റിക്കവറി സെന്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം, ജനകീയ പങ്കാളിത്തത്തോടെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വാടാനപ്പള്ളി ടൗണ്‍, വരടിയം സെന്റര്‍ എന്നിവയുടെ സൗന്ദര്യവല്‍ക്കരണം, വടക്കാഞ്ചേരി നഗരസഭയില്‍ എയ്‌റോബിക് കമ്പോസ്റ്റ് ഉദ്ഘാടനം, കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ 30 ലക്ഷം രൂപ ചെലവില്‍ ഡയപ്പര്‍ ഡിസ്‌ട്രോയര്‍ മെഷീനുകളുടെ സ്ഥാപനം, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് ദേശീയപാതയില്‍ മാലിന്യം വലിച്ചെറിയുന്നിടത്ത് വൃത്തിയാക്കി 150 മീറ്റര്‍ ജൈവവേലി സ്ഥാപിക്കല്‍, നടത്തറ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും ഹരിത സമിതി വാര്‍ഡായി പ്രഖ്യാപനം, അടാട്ട്, മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മിനി മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ സ്ഥാപിക്കല്‍ എന്നിവ നടക്കും.

തളിക്കുളം ഗ്രാമപഞ്ചായത്തിലെ സ്‌നേഹതീരം ബീച്ച് ശുചീകരണം ജനകീയ പങ്കാളിത്തത്തോടെ നടത്തും. നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനയ്ക്ക് ബദല്‍ ഉല്‍പ്പനങ്ങളുടെ വിതരണവും, മാടക്കത്തറ ഗ്രാമപഞ്ചായത്ത് അഞ്ചേക്കര്‍ തരിശുഭൂമി നെല്‍കൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടന പ്രവര്‍ത്തനവും അന്നേദിവസം നടത്തും. ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളിലും, കവലകളിലും തോടുകളിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്തും. ഇതുകൂടാതെ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ശുചീകരണ റാലികള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയും ക്യാമ്പയിന്റെ ഭാഗമായി നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റ് തുടങ്ങി വിവിധ വകുപ്പുകള്‍ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഏകോപനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, ജില്ലാ കലക്ടര്‍ കണ്‍വീനറായും രൂപീകരിച്ച മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ ജില്ലാതല നിര്‍വ്വഹണ സമിതി ജില്ലയിലെ ആറുമാസക്കാലത്തെ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് നടപ്പിലാക്കും.