KERALAMTHRISSUR

ശാസ്താംപൂവം ആദിവാസി നഗറില്‍ സഞ്ചരിക്കുന്ന റേഷന്‍കട ആരംഭിച്ചു

ചാലക്കുടി : ചാലക്കുടി താലൂക്കിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ചൊക്കനയിലുള്ള ശാസ്താംപൂവം ആദിവാസി നഗറിലെ സഞ്ചരിക്കുന്ന റേഷന്‍കടയുടെ ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിച്ചു. ശാസ്താംപൂവത്ത് പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടിയില്‍ എല്ലാ മാസവും ആദ്യ ആഴ്ചയില്‍ തന്നെ റേഷനിംഗ് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ മറ്റത്തൂര്‍ പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ നൂറോളം കുടുംബങ്ങള്‍ക്ക് അനുവദിക്കപ്പെട്ട 30 കിലോഗ്രാം അരിയും 5 കിലോ ഗോതമ്പ്/ ആട്ടയും എത്തിച്ചു നല്‍കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

നിലവില്‍ ജില്ലയില്‍ തൃശ്ശൂര്‍ താലൂക്കിലെ ഒളകര, മണിയന്‍കിണര്‍, താമരവെള്ളച്ചാല്‍ എന്നീ 3 ആദിവാസി നഗറുകളിലെ 123 കുടുംബങ്ങള്‍ക്കും, ചാലക്കുടി താലൂക്കിലെ വാച്ചുമരം കാടാര്‍, വാച്ചുമരം മലയര്‍, തവളക്കുഴിപ്പാറ, ഷോളയാര്‍, പൊകലപ്പാറ, വാഴച്ചാല്‍, മുക്കുംപുഴ, ആനക്കയം, പെരിങ്ങല്‍ക്കുത്ത്, കള്ളിച്ചിത്ര, നാടാംപാടം എന്നീ 11 ആദിവാസി നഗറുകളിലെ 294 കുടുംബങ്ങള്‍ക്കുമായി ജില്ലയില്‍ ആകെ 14 ആദിവാസി നഗറുകളിലായി 417 കുടുംബങ്ങള്‍ക്ക് സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ വിഹിതം നല്‍കുന്നുണ്ട്.

ശാസ്താംപൂവം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് മുഖ്യാതിഥിയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വിവിധ പഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. ചടങ്ങിന് തൃശ്ശൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍ സ്വാഗതവും ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ സൈമണ്‍ ജോസ് നന്ദിയും പ്രകാശിപ്പിച്ചു.