KERALAMTHRISSUR

കടലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; രക്ഷകരായി ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം

മുനക്കകടവ്: മുനക്കകടവ് ഫിഷ് ലാന്റിങ്ങ് സെൻ്ററിൽ നിന്നും ഇന്ന് പുലർച്ചേ മത്സ്യബന്ധനത്തിന് പോയ അമ്പാടി എന്ന ഇൻബോഡ് വള്ളത്തിൻ്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ (19 കിലോമീറ്റർ) അകലെ നാട്ടിക പടിഞ്ഞാറ് ഭാഗത്ത് എൻജിൻ നിലച്ച് കുടുങ്ങിയ തൃശൂർ വലപ്പാട് സ്വദേശി അമ്പാടി എന്ന ഇൻ ബോഡ് വള്ളവും വലപ്പാട് സ്വദേശികളായ 45 മത്സ്യ തൊഴിലാളികളെയുമാണ് രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്. വൈകീട്ട് 4.30 ഓടെ വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം. എഫ് പോളിൻ്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് & വിജിലൻസ് വിങ് ഓഫീസർമാരായ വി എൻ പ്രശാന്ത്കുമാർ, വി എം ഷൈബു, റസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, അൻസാർ ബോട്ട് സ്രാങ്ക് റസാക്ക്, എഞ്ചിൻ ഡ്രൈവർ റഷീദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഈ ആഴ്ചയിൽ തന്നെ 4 മത്തെ യാനമാണ് ഇത്തരത്തിൽ കടലിൽ അകപ്പെടുന്നത്. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി സുഗന്ധകുമാരി അറിയിച്ചു.