അജ്ഞാത വാഹനാപകടം;ധനസഹായ നിര്‍ണ്ണയ സമിതി രൂപീകരിച്ചു
തിരുവനന്തപുരം: ഏപ്രില്‍ 2022 ന് ശേഷമുള്ള റോഡ് അപകട കേസുകളില്‍ അജ്ഞാത വാഹനമിടിച്ച് മരണപ്പെടുകയോ ഗുരുതരമായി പരിക്കുപറ്റുകയോ ചെയ്താല്‍ കോമ്പന്‍സേഷന്‍ ഓഫ് വിക്റ്റിംസ് ഓഫ് ഹിറ്റ് ആൻ്റ് റണ്‍ മോട്ടോര്‍ ആക്സിഡൻ്റ്സ് സ്കീം 2022 പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്. പദ്ധതി പ്രകാരം അജ്ഞാത വാഹനമിടിച്ച് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും, പരിക്ക് പറ്റുന്നവര്‍ക്ക് 50,000 രൂപയുമാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. ധനസഹായം നിര്‍ണ്ണയിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലയിലെ തഹസീല്‍ദാര്‍മാര്‍ (ക്ലെയിം എന്‍ക്വയറി ഓഫീസര്‍മാര്‍) പോലീസ് സൂപ്രണ്ട്/ ഡെ. പോലീസ് സുപ്രണ്ട്, ചീഫ് മെഡിക്കല്‍ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ഭക്ഷ്യ സുരക്ഷാ പ്രതിനിധി അശോകന്, ജനറല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായും ജില്ലാ സമിതി രൂപീകരിച്ചു. പദ്ധതി പ്രകാരം ഫോം ഒന്നില്‍ തഹസീല്‍ദാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഗുരതരമായ പരിക്കേറ്റവരുടെ കേസുകളില്‍ അപേക്ഷയോടൊപ്പം പോലീസില്‍ നിന്നുള്ള എഫ്എആര്‍/ എഫ്ഐആര്‍, ബാങ്ക് പാസ് ബുക്ക്, ആധാര്‍, ഇന്‍ജുറി റിപ്പോര്‍ട്ട്, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. മരണപ്പെട്ട കേസുകളില്‍, മരണപ്പെട്ട വ്യക്തിയുടെയും ആശ്രിതരുടേയും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, മരണ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, എഫ്ഐആര്‍, എന്നിവയും ഹാജരാക്കേണ്ടതാണ്. തഹസീല്‍ദാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജില്ല കളക്ടര്‍ക്ക് സമര്‍പ്പിക്കും. ജില്ലാ കളക്ടര്‍ ധനസഹായം നിര്‍ണ്ണയിച്ച് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ മുഖേന കൈമാറും.