KERALAMTHRISSUR

30 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

തൃശ്ശൂര്‍ : ആസൂത്രണ സമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ 30 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി. വാര്‍ഷിക പദ്ധതിയുടെ ഭേദഗതി ആവശ്യപ്പെട്ട തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട് എന്നീ മുനിസിപ്പാലിറ്റികളുടെയും ചാവക്കാട്, പഴയന്നൂര്‍, ചാലക്കുടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും താന്ന്യം, പെരിഞ്ഞനം, തോളൂര്‍, പൊയ്യ, ഒരുമനയൂര്‍, കൈപ്പമംഗലം, കൊടകര, കൊണ്ടാഴി, വടക്കേക്കാട്, തിരുവില്വാമല, പാവറട്ടി, പുന്നയൂര്‍ക്കുളം, പോര്‍ക്കുളം, തൃക്കൂര്‍, ചാഴൂര്‍, ചൂണ്ടല്‍, പുത്തൂര്‍, അവിനിശ്ശേരി, എളവള്ളി, മാടക്കത്തറ, കൊരട്ടി, ശ്രീനാരായണപുരം, ദേശമംഗലം എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും 2024-25 വാര്‍ഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്.

72 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ ഭേദഗതിക്ക് ഇതിനകം അംഗീകാരം നല്‍കിയിരുന്നു. ജില്ലയിലെ 9 തദ്ദേശ സ്ഥാപനങ്ങളുടെകൂടി വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ഇനി അംഗീകാരം ലഭിക്കാനുണ്ട്. മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയാണ് വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. ദ്രവമാലിന്യ സംസ്‌കരണ പദ്ധതികള്‍, മാലിന്യ സംസ്‌കരണ സംവിധാനം, ഹാപ്പിനസ് പാര്‍ക്ക് എന്നിവയും വിലയിരുത്തിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ വയനാടിന് കൈത്താങ്ങുമായി ജില്ലയിലെ വജ്രജൂബിലി കലാകരാന്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 75,170 രൂപ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും ചേര്‍ന്ന് തുക ഏറ്റുവാങ്ങി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, സര്‍ക്കാര്‍ നോമിനി ഡോ. എം.എന്‍ സുധാകരന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.