KERALAMTHRISSUR

കെട്ടിട നമ്പർ ലഭിക്കും;സഫിയക്ക് ആശ്വാസം

തൃശ്ശൂർ: മൂന്നു വർഷമായി കാടുകുറ്റി പഞ്ചായത്തിൽ നിന്നും കെട്ടിട്ട നമ്പർ ലഭിക്കാനുള്ള അലച്ചിലിന് തദ്ദേശ അദാലത്തിലൂടെ സഫിയക്ക് ആശ്വാസം. 2021 ൽ 16സെന്റ് ഭൂമിയിൽ പണി തീർത്ത വാണിജ്യ – റെസിഡന്റഷ്യൽ കെട്ടിടത്തിന്റെ ഒക്യുപൻസി സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയില്ല എന്ന മറുപടിയാണ് പഞ്ചായത്തിൽ നിന്ന് കിട്ടിയത്. കെട്ടിട നിർമ്മാണം നടത്തിയ ഭൂമിയുടെ പട്ടയരേഖ പ്രകാരം പ്രസ്തുത ഭൂമിയിൽ കെട്ടിട നിർമ്മാണം അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു പഞ്ചായത്തിൻ്റെ നിലപാട്. തൃശൂരിൽ നടന്ന തദ്ദേശ അദാലത്തിൽ പരാതി സമർപ്പിച്ച സഫിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിനോട് കാര്യങ്ങൾ വിശദീകരിച്ചു. താമസ ആവശ്യത്തിന് മാത്രമുള്ള കെട്ടിട്ടത്തിന് മാത്രമേ നിർമാണ അനുമതി ലഭിക്കുകയുള്ളു എന്നാണ് പഞ്ചായത്ത്‌ മറുപടി നൽകിയത്. എന്നാൽ അപേക്ഷ സമർപ്പിച്ചപ്പോൾ തന്നെ വാണിജ്യ – റെസിഡന്റഷ്യൽ ആവശ്യത്തിനാണ് കെട്ടിട്ടം നിർമ്മിക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നുവെന്ന വിവരം സഫിയ മന്ത്രിയെ ധരിപ്പിച്ചു. പരാതി വിശദമായി പരിശോധിച്ചപ്പോൾ പട്ടയത്തിൽ അത്തരം നിയന്ത്രണങ്ങൾ ഇല്ല എന്ന് മനസിലായി. തുടർന്ന് കെട്ടിട്ട നമ്പർ നൽകാൻ മന്ത്രി നിർദേശിച്ചു. കാടുകുറ്റി പഞ്ചായത്തിലെ സമാനമായ മറ്റ് കേസുകൾക്കും ഈ തീരുമാനം ബാധകമാവും. മന്ത്രിയുടെ ഇടപെടലിന് നന്ദി അറിയിച്ചാണ് സഫിയ മടങ്ങിയത്.