ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ; ഗതാഗതമന്ത്രി
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കുമെന്ന് മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്നും, മറ്റ് യാത്ര സംവിധാനങ്ങൾ ഇല്ലാത്ത എസ്റ്റേറ്റുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിലെ സർവീസുകൾ നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു. ഒരു വണ്ടിയും ഇല്ലാത്ത സ്ഥലങ്ങളിൽ വണ്ടികൾ എത്തിക്കുക എന്നതിനാണ് പ്രധാന പരിഗണന. കേരളത്തിലെ പൊതുട്രാൻസ്പോർട്ട് സിസ്റ്റത്തിന് ഇന്ത്യയിൽ ഇല്ലാത്ത പരിഷ്കാരം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ദീർഘദൂര ബസ് യാത്രക്കിടെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ബസ് നിർത്തിക്കൊടുക്കാറുണ്ട്. ആ സ്ഥലങ്ങൾ വൃത്തിയുള്ളതാക്കും. ശുചിമുറികൾ ഇല്ലാതെ സ്ത്രീകൾ ഉൾപ്പടെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സ്ഥലങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്ത് നൽകണം. ശുചിമുറി ഉൾപ്പടെ നിർമിച്ചെങ്കിൽ മാത്രമേ അവിടെ ബസ് നിർത്തുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.