ദുരിതാശ്വാസനിധിയിലേക്ക് സമ്പാദ്യം നല്‍കി കുരുന്നുകള്‍
തൃശ്ശൂർ: വീട്ടിലേക്ക് ടെലിവിഷന്‍ വാങ്ങാനും ഒരു സൈക്കിള്‍ വാങ്ങാനുമായി ചേര്‍ത്തുവച്ച നാണയങ്ങളുമായാണ് സഹോദരിമാരായ ശിവനന്ദനയും ശിവന്യയും ജില്ലാ കലക്ടറെ കാണാനെത്തിയത്. രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ നിന്ന് വയനാടിലെ പ്രകൃതി ദുരന്തത്തിൻ്റെ വാര്‍ത്തയറിഞ്ഞ ഇരുവരും തങ്ങളുടെ ചെറിയ സമ്പാദ്യം ദുരിതബാധിതര്‍ക്കായി സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കണിമംഗലം എസ്.എന്‍.ജി.എച്ച്‌സിലെ ഏഴാം ക്ലാസുകാരിയാണ് ശിവനന്ദന. കുരിയച്ചിറ സെൻ്റ് ജോസഫ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ശിവന്യ. ഇരുവരെയും സ്‌നേഹത്തോടെ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്വീകരിച്ചു. ഏറെ നാളായി ചേര്‍ത്തുവച്ച 3050 രൂപയാണ് സഹായമായി നല്‍കിയത്. ചിയാരം സ്വദേശികളായ ഇവര്‍ പിതാവ് സി.എസ് സനീഷിനോടൊപ്പമാണ് കളക്ടറേറ്റില്‍ എത്തിയത്.