ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പ അടച്ചു തീർത്താൽ സിബിൽ സ്കോർ തിരുത്തി നൽകണo
എറണാകുളം : ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പ അടച്ചു തീർത്താൽ സിബിൽ സ്കോർ തിരുത്തി നൽകണമെന്ന് ഹൈക്കോടതി. ക്രെഡിറ്റ് റേറ്റിംഗ് വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ഭാഗമായ അന്തസിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് വി എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ് . ഒരു കൂട്ടം ഹർജികളിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള അഭിപ്രായമെടുത്ത് ക്രെഡിറ്റ് റേറ്റിംഗ് തിരുത്താൻ സിംഗിൾ ബെഞ്ച് നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരേ മുംബൈ ആസ്ഥാനമായുള്ള ട്രാൻസ് യൂണിയൻ സിബിൽ കമ്പനി നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഈ ഉത്തരവ്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പുതുക്കിയ വിവരം സമാഹരിക്കേണ്ടതാണ്. ധനകാര്യ സ്ഥാപനങ്ങൾ വായ്പയുടെ വിവരങ്ങൾ നൽകണമെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് റിപ്പോർട്ട് പുതുക്കണമെന്നും നിയമത്തിൽ പറയുന്നു.