KERALAMTHRISSUR

ദേശീയപാതക്കു കുറുകെ നടപ്പാത നിര്‍മ്മാണം; യോഗം ചേര്‍ന്നു

മണ്ണുത്തി : മണ്ണുത്തി ഡോണ്‍ബോസ്‌കോ സ്‌കൂളിന് മുന്‍പില്‍ ദേശീയപാതക്കു കുറുകെ നടപ്പാത നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ സെപ്തംബര്‍ മാസത്തില്‍തന്നെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി യോഗത്തില്‍ എന്‍ എച്ച് എ ഐ പ്രോജക്ട് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സെപ്തംബറില്‍തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മുന്‍ഗണനയില്‍ ഒന്നാമതായെടുത്ത് ഈ അധ്യയന വര്‍ഷം കഴിയുന്നതിന് മുന്‍പായി തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. മണ്ണുത്തി ഡോണ്‍ബോസ്‌കോ സ്‌കൂളിന് സമീപം അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രി അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ 2500 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വലിയ പ്രയാസം നേരിടുന്നതായി സ്‌കൂള്‍ അധികൃതരും കൗണ്‍സിലര്‍മാര്‍മാരും യോഗത്തെ അറിയിച്ചു.

ദേശീയപാതയുടെ ടെണ്ടര്‍ നടപടികളിലേക്കുകടന്ന 13 വര്‍ക്കുകളോടൊപ്പം മണ്ണുത്തിഡോണ്‍ബോസ്‌കോ സ്‌കൂളിന് മുന്‍പില്‍ ദേശീയപാതക്കു കുറുകെയുള്ള നടപ്പാതയുടെ ടെണ്ടര്‍ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങുമെന്ന് എന്‍ എച്ച് എ ഐ പ്രോജക്ട് ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. കലക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അസി. കമ്മീഷണര്‍ എന്‍ കെ സലീഷ്, എന്‍ എച്ച് എ ഐ പ്രോജക്ട് ഡയറക്ടര്‍ അൻസിൽ ഹസ്സൻ, ഡെപ്യൂട്ടി കളക്ടര്‍മാരായ യമുനാ ദേവി, ശാന്തകുമാരി, തൃശ്ശൂര്‍ തഹസില്‍ദാര്‍ ജയശ്രീ, മണ്ണൂത്തി എസ് എച്ച് ഒ എ കെ ഷമീര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.