ധീരം; രംഗശ്രീ ജില്ലാതല കലാ ജാഥ ഉദ്ഘാടനം ചെയ്തു
തൃശ്ശൂര്‍ : കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ മോഡല്‍ സി ഡി എസുകളില്‍ ‘ധീരം’ സ്വയം പ്രതിരോധ പരിശീലനം ആരംഭിക്കുന്നു. സ്ത്രീകളില്‍ സ്വയം പ്രതിരോധ ശേഷിയും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തുന്നത്.
പരിശീലന പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ കുടുംബശ്രീ രംഗശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 2 ദിവസങ്ങളിലായി വാടാനപ്പിള്ളി, ഒരുമനയൂര്‍, പോര്‍ക്കുളം, പാറളം, വേളൂക്കര, ആളൂര്‍ എന്നീ സിഡിഎസുകളില്‍ തെരുവുനാടകം അവതരിപ്പിക്കുന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വാടാനപ്പിള്ളി സിഡിഎസില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി നിര്‍വ്വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീന ഷെല്ലി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.കെ പ്രസാദ് വിഷയാവതരണം നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. യു. മോനിഷ, രംഗശ്രീ ഗ്രൂപ്പ് അംഗങ്ങളായ ടി.ആര്‍ ശശികല, വി.കെ രാജേശ്വരി, പി.വി ഷൈനി, നൂര്‍ജഹാന്‍, സത്യ മാളിയേക്കല്‍, ലീന പ്രസാദ്, ഐഷാബി ടീച്ചര്‍, ഷീല വേലായുധന്‍ തുടങ്ങിയവര്‍ തെരുവുനാടകം അവതരിപ്പിച്ചു.