ജില്ലയിലെ കൃഷിവകുപ്പ് ഓണച്ചന്ത സെപ്തംബര്‍ 11 മുതല്‍
തൃശ്ശൂർ: ഓണച്ചന്തകളുടെ പ്രവര്‍ത്തനവും ഏകോപനവും ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാതല കമ്മറ്റി എ.ഡി.എ ടി. മുരളിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ഓണക്കാലത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 11 മുതല്‍ 14 വരെ തീയതികളില്‍ കൃഷിഭവന് തലത്തില്‍ 105 ചന്തകളും, വിഎഫ്പിസികെയുടെ 16 ചന്തകളും, ഹോര്‍ട്ടികോര്‍പ്പിന്റെ 60 ചന്തകളും, കുടുംബശ്രീ മിഷന്റെ 200 ചന്തകളും പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ഓണച്ചന്തകളിലൂടെ കര്‍ഷകരുടെ പഴം-പച്ചക്കറികളും, മറ്റു മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും പൊതുവിപണിയിലെ ചില്ലറ വില്‍പ്പന വിലയേക്കാള്‍ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. എ.ഡി.എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ്ങ്), വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ്പ്, ജില്ലാ മാനേജര്‍മാര്‍, കര്‍ഷക പ്രതിനിധികള്‍, കുടുംബശ്രീ മിഷന് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.