മുല്ലശ്ശേരി ഗവ ഹയർസെക്കൻഡറി സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കും ; മന്ത്രി എം ബി രാജേഷ്
തൃശ്ശൂർ: മുല്ലശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് മന്ത്രി എം ബി രാജേഷ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സർക്കാർ സ്കൂൾ കെട്ടിടം കെ ഇ ആർ പ്രകാരം ചട്ടലംഘനം ഉണ്ടെന്ന കാരണത്താലാണ് ഫിറ്റ്നസ് ലഭിക്കാഞ്ഞത്. രണ്ട് വർഷമായുള്ള പ്രശ്നത്തിനാണ് അദാലത്തിൽ ഇപ്പോൾ പരിഹാരമായത്. കെ പി ബി ആർ പ്രകാരം ചട്ടലംഘനമുണ്ടായിട്ടില്ല എന്നും കെ പി ബി ആർ കൃത്യമായി പാലിച്ചത്കൊണ്ട് കെട്ടിടത്തിന്റെ ഉറപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയതിനാലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ് എന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രശ്നങ്ങളിൽ വ്യക്തത വരുത്തുന്നതിനായി കെ എം ബി ആർ, കെ പി ബി ആർ എന്നിവയിൽ ചട്ട ഭേദഗതി കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുള്ള നിർദ്ദേശം സർക്കാർ തലത്തിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 2022ൽ ഉദ്ഘാടനം കഴിഞ്ഞിട്ടും മുല്ലശ്ശേരി സർക്കാർ ഹയർസെക്കൻഡറി സ്കൂളിന് ഫിറ്റ്നസ് ലഭിക്കാത്തതിന്റെ വിഷമം പറയാനാണ് മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജനും സ്കൂൾ പ്രതിനിധികളും അദാലത്തിൽ വന്നത്. അനുമതി ലഭിച്ചതിലൂടെ മുല്ലശ്ശേരി ഗവ: സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം കൂടുതൽ വേഗത്തിലാകും.