KERALAMTHRISSUR

ജില്ലാ കലക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍

തൃശ്ശൂര്‍: ജില്ലാ കലക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തൃശ്ശൂര്‍ കലക്ടറേറ്റിലെത്തി. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന മുഖാമുഖത്തിലാണ് ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ സംവദിക്കാനെത്തിയത്. സമൂഹം നേരിടുന്ന മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ശുചിത്വപോരാളികളെ അഭിനന്ദിക്കുന്നു. 2025 മാര്‍ച്ച് 30 ന് മാലിന്യമുക്ത നവകേരള പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായി ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും ജില്ലാ കലക്ടര്‍ പറഞ്ഞു. തീരദേശ മേഖലയിലുള്ളവര്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ അവതരിപ്പിച്ചു. ഹരിത കര്‍മ്മസേനയുടെ വാര്‍ഷികാഘോഷത്തിന് കലക്ടറെ ക്ഷണിച്ചും ഹരിതകര്‍മ്മസേനാഗം കെ.കെ സുമതിയുടെ പാട്ടോടുകൂടിയാണ് ഒരു മണിക്കൂറോളം നീണ്ട സംവാദം അവസാനിപ്പിച്ചത്.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടത്തിയ മുഖാമുഖത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച ഹരിതകര്‍മ്മ സേനയ്ക്കുള്ള ഗ്ലോബല്‍ എക്‌സ്‌പോ കേരള 2023 പുരസ്‌കാരം നേടിയ ചാവക്കാട് ഹരിതകര്‍മ്മ സേനയിലെ 28 അംഗങ്ങളാണ് പങ്കെടുത്തത്. കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിലെ സോഷ്യല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എക്‌സ്‌പെര്‍ട്ട് ശുഭിത മേനോന്‍, ഹരിതകര്‍മ്മസേന അക്കൗണ്ടന്റ് കം കോര്‍ഡിനേറ്റര്‍ ടി.യു തസ്ലീമ എന്നിവരും സംബന്ധിച്ചു.